മുംബൈ: ഷൂട്ട് കഴിഞ്ഞിറങ്ങിയപ്പോള്‍ ബലാത്സംഗത്തിന് ഇരയായ സ്ത്രീയെപോലെ ആയിരുന്നു തന്റെ അവസ്ഥയെന്ന ബോളിവുഡ് നടന് സല്മാന് ഖാന്റെ പരാമര്‍ശത്തിനെതിരേ വിമര്‍ശനം. പുതിയ ചിത്രം സുല്‍ത്താന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സ്പോട്ബോയെ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുമായി പങ്കുവയ്ക്കുമ്പോഴായിരുന്നു സല്‍മാന്റെ പരാമര്‍ശം. സംഭവം വിവാദമായതിനെ തുടര്‍ന്ന് സല്മാന് ഖേദം പ്രകടിപ്പിച്ചതായി ബോളിവുഡ്ലൈഫ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
ഷൂട്ടിംഗിനിടയില്‍ മണിക്കൂറുകളോളം വിശ്രമമില്ലാതെ ഭാരമെടുക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യേണ്്ടി വരും. ഒരിക്കല്‍ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളില്‍നിന്നും പകര്‍ത്താനായി പത്തുതവണ ആ ഭാരമുയര്ത്തേണ്്ടിവന്നു. റിംഗില്‍ വീഴുന്നതും ഇടിക്കുന്നതും ചിത്രീകരിക്കാനായി പലതവണ ഇതെല്ലാം ചെയ്തു. അഞ്ചും ആറും മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്ത് റിംഗില്നിന്നു പുറത്തിറങ്ങുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നേരെ നില്ക്കാന് പോലും കഴിയാറില്ല- സല്മാന് പറയുന്നു. ചിത്രത്തില്‍ സല്മാന് ഗുസ്തിക്കാരന്റെ വേഷമാണ് ചെയ്യുന്നത്. സുല്‍ത്താന്റെ ഷൂട്ടിംഗ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ചു പരാമര്‍ശിക്കുകയായിരുന്നു സല്മാന്. ഇതിനെതിരേ സല്‍മാനെതിരേ ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.