പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം വ്യാപകമാവുന്നു ! ‘പണി’ കിട്ടുമോയെന്ന ആശങ്കയില്‍ സിപിഎം; കണ്ണൂരിലെ ഇടത് രാഷ്ട്രീയം പുകയുമ്പോള്‍…

മുതിര്‍ന്ന നേതാവ് പി ജയരാജന് നിയമസഭാ സീറ്റ് നിഷേധിച്ചതില്‍ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നു.ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍ ധീരജ് രാജിവെച്ചു.

സിപിഎമ്മില്‍ തുടരുമെന്ന് ധീരജ് വ്യക്തമാക്കി. ജയരാജനെ തഴഞ്ഞതില്‍ ഇനിയും വലിയ പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന്‍ രാജിവച്ചിരുന്നു.

നിലവില്‍ സംഘടനാ ചുമതല ഒന്നു ഇല്ലാത്തതിനാല്‍ പി ജയരാജന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജയരാജന് ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പി ജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. ” ഒരു തിരുവോണനാളില്‍ അകത്തളത്തില്‍ ഇരച്ചുകയറിയവര്‍, ഒരിലച്ചീന്തിനു മുന്നില്‍ ഒരുപിടി ഓണസദ്യക്ക് പോലും ഇടകൊടുക്കാതെ അരിഞ്ഞു വീഴ്ത്തിയപ്പോള്‍ അവിടെനിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് ഞങ്ങളെ പൊരുതാന്‍ പഠിപ്പിച്ച ധീരസഖാവേ…

മുഖ്യമന്ത്രി പിണറായിയ്‌ക്കെതിരേയാണ് പ്രതിഷേധങ്ങളില്‍ അധികവും. ജയരാജനോടു കാണിച്ചത് നെറികേടാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഇത്തവണ പാര്‍ട്ടിയ്ക്ക് വോട്ടു നല്‍കില്ലെന്നുമാണ് പല അണികളും സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

Related posts

Leave a Comment