കൊല്ലം: കോര്‍പറേഷനിലെ സീവേജ് പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി 28ന് സര്‍വകക്ഷി യോഗം ചേരുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. കളക്ടറേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെ മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദമായ ആശയവിനിമയമാണ് യോഗത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കോര്‍പറേഷനിലെ തേവള്ളി, വടക്കുംഭാഗം, ആശ്രാമം, കടപ്പാക്കട, കന്റോണ്‍മെന്റ് താമരക്കുളം, പള്ളിത്തോട്ടം, പോര്‍ട്ട്, കച്ചേരി, തങ്കശേരി പ്രദേശങ്ങളിലെ സീവേജ് മാലിന്യം ട്രീറ്റമെന്റ് പ്ലാന്റിലെത്തിച്ച് സംസ്കരിക്കുന്നതാണ് പദ്ധതി.
ഇരുമ്പ് പാലം, വാടി ഒഴികെയുള്ള പ്രധാന പമ്പിംഗ് സ്റ്റേഷനുകളുടെ പണികളും ഭാഗികമായി പൂര്‍ത്തീകരിച്ചിരുന്നു.
അമൃത് പദ്ധതിയുടെ ഭാഗമായി 30 കോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണശാലയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും സീവേജ് പദ്ധതിയുടെ പണികള്‍ പുതിയ എസ്റ്റിമേറ്റ് പ്രകാരം പുനരാരംഭിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ടെണ്ടര്‍ നടപടികള്‍ അതിവേഗത്തിലാക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിവിധ റോഡ് പണികള്‍ക്ക് മുമ്പായി പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഫെബ്രുവരി ആദ്യവാരത്തോടെ പണി തുടങ്ങാനാകും വിധം നടപടി് മുന്നോട്ട് നീക്കാനും നിര്‍ദേശമുണ്ട്.