എസ്.ആര്‍.സുധീര്‍കുമാര്‍
കൊല്ലം: കളക്ടറേറ്റിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിവില്‍ സ്റ്റേഷനിലെ ചില ജീവനക്കാരെ കേന്ദ്രീകരിച്ചും പുരോഗമിക്കുന്നു. അതേ സമയം ഈ കേസ് രണ്ടുദിവസത്തിനകം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കളക്ടറേറ്റിലെ ചില ജീവനക്കാരുടെ സഹായം ലഭിച്ചുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ വഴിക്കും അന്വേഷണം നടക്കുന്നത്.ഇവരുടെ ഫോണ്‍കോളുകളുടെ വിശദമായ പരിശോധന നടന്നുവരികയാണ്. സംശയമുള്ള ചിലരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി മൊഴിയെടുക്കുയും ചെയ്തിട്ടുണ്ട്.
ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമം അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിവരികയാണ്. സംശയ നിഴലിലുള്ള സംഘടനയുടെ സംസ്ഥാന നേതാവിന്റെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ച് വരിയാണ്. ഇതില്‍ നിന്ന് നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അങ്ങനെയെങ്കില്‍ ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.
സ്‌ഫോടനം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് വ്യക്തമായ ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പങ്ക് സ്ഥിരീകരിക്കുമ്പോഴും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങള്‍ ആരൊക്കെ എന്ന കാര്യത്തില്‍ ലോക്കല്‍ പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പേരില്‍ നിന്ന് ഇതിനകം മൊഴിയെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം പത്തനംതിട്ടയിലെ ചില കേന്ദ്രങ്ങളില്‍ ഇന്നലെ പരിശോധനനടത്തി.