മുക്കം: വാഹന പാര്‍ക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിടത്ത് ഗരസഭയുടെ വക ടാക്സിസ്റ്റാന്‍ഡ്. മുക്കം അങ്ങാടിയില്‍ മെയിന്‍ റോഡില്‍ അഭിലാഷ് ജംഗ്ഷനും പോസ്റ്റ് ഓഫീസ് ജംഗ്്ഷനും ഇടയില്‍ കാരശേരി സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നിലാണ് പുതുതായി ഓട്ടോ ഗുഡ്സ് വാഹനങ്ങള്‍ക്ക് സ്റ്റാന്‍ഡ് അനുവദിച്ചത്. “മുക്കം നഗരസഭ ഓട്ടോ ഗുഡ്സ് സ്റ്റാന്‍ഡ്” എന്ന ബോര്‍ഡ് കഴിഞ്ഞ ദിവസം രാവിലെയാണ് നഗരസഭ അധികൃതര്‍ ഇവിടെ സ്ഥാപിച്ചത്.
കാരശേരി സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്‍വശത്ത് 20 അടി വീതിയില്‍ സ്ഥലം വിട്ടു മാത്രമേ പാര്‍ക്കിംഗ് പാടുള്ളു എന്നും ഇക്കാര്യം പോലീസ് ഉറപ്പു വരുത്തണമെന്നും കേരള ഹൈക്കോടതി നിര്‍ദേശം നിലവിലുണ്ട്. കോടതി നിര്‍ദേശപ്രകാരം പൊലീസ് ഈ സ്ഥാപനത്തിന്റെ മുന്നില്‍ 20 അടി വീതിയില്‍ സ്ഥലം അളന്നു മാര്‍ക്കു ചെയ്തു നല്‍കുകയും അതിനകത്ത് സ്ഥാപിച്ചിരുന്ന കൊടിയും ബോര്‍ഡും മറ്റും എട്ടത്തു മാറ്റുകയും അവിടെ പാര്‍ക്കിങ് അരുതെന്ന് വാഹന ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതാണ്.
എന്നാല്‍ പൊലീസിന്റെയും കോടതിയുടെയും വിലക്ക് ലംഘിച്ചാണ് ഇപ്പോള്‍ അതേ സ്ഥലത്ത് നഗരസഭ സ്റ്റാന്‍ഡ് അനുവദിച്ച് ബോര്‍ഡ് സ്ഥാപിച്ചത്. പൊതു റോഡിലെ അനധികൃത പാര്‍ക്കിംഗും കയ്യേറ്റങ്ങളും ഒഴിപ്പിച്ച് ട്രാഫിക് സംവിധാനം പരിഷ്കരിച്ച് കുററമറ്റ നിലയില്‍ നടപ്പാക്കാനുള്ള നടപടി ഒരു ഭാഗത്ത് ആരംഭിച്ചതിനിടെയാണ് മറുഭാഗത്ത് നിയമ ലംഘനത്തിലൂടെ പ്രധാന റോഡിന്റെ ഒരു ഭാഗം ടാക്സി സ്റ്റാന്റാക്കി മാറ്റിയ നടപടി ഉണ്ടായിരിക്കുന്നത്.