കാണാനില്ലെന്ന പരാതി; മുകേഷിന്റെ മറുപടിയില്‍ യൂത്തന്‍മാര്‍ ഞെട്ടി! പുലിവാല് പിടിച്ച് പോലീസ്

mukeshകൊല്ലത്ത് ഇപ്പോള്‍ മുകേഷിന്റെ തിരോധാനമാണ് വാര്‍ത്ത. എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നല്കിയ പരാതി നാട്ടുകാരെല്ലാം അറിഞ്ഞു. പരസ്യമായി നാണം കെടുത്തിയവര്‍ക്ക് മുകേഷ് നല്കിയ മറുപടി കേട്ട് തിരിച്ചൊന്നും പറയാനില്ലാത്ത അവസ്ഥയിലാണ് യൂത്തന്‍മാര്‍. കൊല്ലത്തുനിന്ന് പോയത് രാഹുല്‍ ഗാന്ധി ക്ലബ്ബില്‍ അംഗത്വമെടുക്കാനാണെന്ന് മുകേഷ് പറഞ്ഞു. നാല് മാസമെങ്കിലും ഒളിച്ചിരുന്നാലേ അംഗത്വം തരുകയുളളുവെന്ന് പറഞ്ഞ് മടക്കിയയച്ചുവെന്നും മുകേഷ് പറഞ്ഞു.

ആനന്ദവല്ലീശ്വരത്തെ പാര്‍ട്ടി ഓഫീസില്‍ താന്‍ എത്താറുണ്ട്. അവിടെ അറിയിച്ചതിന് ശേഷം മാത്രമേ മണ്ഡലത്തില്‍ നിന്ന് വിട്ടു നില്‍ക്കാറുളളു. കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് മുകേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.  ഇക്കാര്യത്തില്‍ മുകേഷിന്റെ പ്രതികരണം ആരാഞ്ഞ് ഞങ്ങള്‍ വിളിച്ചിരുന്നു. കാണാനില്ലല്ലോ എന്ന പരാതിയെക്കുറിച്ച് മുകേഷ് പ്രതികരിച്ചത് ഇപ്രകാരമാണ് തന്നെ കാണാനില്ലെങ്കില്‍ തന്നെക്കുറിച്ചു പരാതി നല്‍കേണ്ടത് വീട്ടുകാരാണ്. അല്ലാതെ മറ്റുള്ളവരല്ല. പരാതി സ്വീകരിച്ച എസ്‌ഐ തന്നെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചോയെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. എസ്‌ഐയുടെ നടപടി ഏറെ പ്രതിഷേധാര്‍ഹമാണെന്നും പരാതി പോലീസ് സ്വീകരിച്ചതിനെക്കുറിച്ചു പാര്‍ട്ടി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുകേഷ് പറഞ്ഞു.

താന്‍ പാര്‍ട്ടിതീരുമാനം അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും തന്നെക്കുറിച്ച് അറിയണമെങ്കില്‍ പാര്‍ട്ടി ഓഫീസില്‍ തിരക്കിയാല്‍ മതിയെന്നും മുകേഷ് പറഞ്ഞു.പ്രകൃതിക്ഷോഭം മൂലം കൊല്ലത്തിന്റെ തീരദേശമേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എംഎല്‍എ യെ കാണാനോ പരാതി പറയുവാനോ പൊതുജനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നും ഭരണസിരാകേന്ദ്രമായ കൊല്ലം കളക്‌ട്രേറ്റില്‍ ബോംബ് സ്‌ഫോടനം ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടും കൊല്ലം എംഎല്‍എ മുകേഷിനെ മാത്രം കണ്ടില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിയില്‍ ആരോപിച്ചിരുന്നു.

അതേസമയം, പരാതി സ്വീകരിച്ചതോടെ പോലീസും പുലിവാലു പിടിച്ചിരിക്കുകയാണ്. പരാതി സ്വീകരിച്ചു രസീതു നല്‍കിയതാണ് പോലീസിനെ വെട്ടിലാക്കിയത്. എന്നാല്‍, പരാതി കിട്ടിയാല്‍ സ്വീകരിച്ചു രസീതു നല്‍കണമെന്നതാണ് ചട്ടമെന്നും അതുപ്രകാരമാണ് നല്‍കിയതെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍, നല്‍കുന്ന പരാതിയില്‍ കഴമ്പുണ്ടോയെന്നു നോക്കിയിട്ടു വേണം സ്വീകരിക്കാനെന്നു സിപിഎം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

Related posts