കോഴിക്കോട്: കോര്പറേഷന് ഓഫീസിലെ സ്റ്റാഫ് കാന്റീന് പ്രവര്‍ത്തിക്കുന്നത് മാലിന്യകൂമ്പാരത്തിനു നടുവില്‍. ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഡസന്‍കണക്കിന് ലോറികള്‍ കാന്റീനിന് തൊട്ടടുത്താണ് പാര്‍ക്കുചെയ്തിരിക്കുന്നത്. ലോറികളില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന മലിനജലം പലയിടത്തും തളംകെട്ടിക്കിടക്കുന്നു. അസഹ്യമായ ദുര്‍ഗന്ധം പരത്തുന്ന ഈ വെള്ളക്കെട്ട് താണ്ടിവേണം കാന്റീനിലേക്കു പ്രവേശിക്കാന്‍. കാന്റിനിനോടു ചേര്‍ന്ന് ചാക്കുകണക്കിന് മാലിന്യങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. ഹോട്ടലുകളില്‍ ശുചിത്വപരിശോധന നടത്തേണ്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരടക്കം കാന്റീനില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്.
നഗരസഭാ കാര്യാലയത്തിന്റെ കിഴക്കുഭാഗത്താണ് രോഗം പരത്തുന്ന കാന്റീന്. സ്വന്തം സംരംഭമായതിനാല്‍ ശുചിത്വ നിയമങ്ങളൊന്നും ഇവര്‍ക്കു ബാധകമല്ല. മാലിന്യ ലോറികളില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന കൊഴുത്ത ദ്രാവകം കണ്ടാല്‍തന്നെ ആരും ഛര്‍ദിച്ചുപോകും. കാന്റിനില്‍ ഭക്ഷണസാധനങ്ങള്‍ പാത്രത്തിലാക്കി കടലാസുകൊണ്ട് മൂടിവച്ചിരിക്കയാണ്. കടലാസിന്റെ വിടവിലൂടെ ഈച്ചകള്‍ പാറിക്കളിക്കുന്നു.
നഗരത്തിലെ ശുചിത്വം സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്ന ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും കാന്റീനിന്റെ മുന്നിലൂടെയാണ് നിത്യവും നഗരസഭാ ഓഫീസില്‍ എത്തുന്നത്.