
കോടാലി: മാങ്കുറ്റിപ്പാടത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണവള കവർന്നു. വിമുക്തഭടനായ മാങ്കുറ്റിപ്പാടം മാന്പിലായിൽ സുധാകരന്റെ ഭാര്യ ഷീലയെയാണ് ഇന്ന ലെ രാവിലെ ഒന്‍പതരയോടെ വീടിനു പുറകിലെ മോട്ടോർ ഷെഡിനു സമീപത്ത് വച്ച് ആക്രമിച്ചത്.
ഇതിനുപയോഗിച്ച പഞ്ഞി സംഭവസ്ഥലത്ത് നിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ കാലുകളിൽ പാദസരങ്ങൾ അണിഞ്ഞിരുന്നെങ്കിലും ഇവ കൈക്കലാക്കാൻ നിൽക്കാതെ അക്രമി സ്ഥലം വിട്ടു.
കരച്ചിൽ കേട്ട് ഓടിയെത്തുന്പോൾ ഷീല ബോധരഹിതയായി മോട്ടാർഷെഡിന്റെ ഭിത്തിയോട് ചേർന്ന് വീണു കിടക്കുകയായിരുന്നെന്ന് മകൻ രാഹുൽ പറഞ്ഞു.
മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഇവർക്ക് ഒരു മണിക്കൂറിനു ശേഷമാണ് ബോധം വീണ്ടു കിട്ടിയത്. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവർ അക്രമത്തിനിരയാകുന്നത്.
ബുധനാഴ്ച രാത്രി ഏഴരയോടെ വീടിന്റെപുറകുവശത്തെ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഷീലയെ ആരോ പുറകിൽ നിന്ന് മുടിയിൽ ചുറ്റി പിടിച്ച് കഴുത്തിലെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു.
പിടിവലിക്കിടെ മാല പൊട്ടി ഒരു ഭാഗം മോഷ്ടാവിന്റെ കയ്യിൽ അകപ്പെട്ടെങ്കിലും ഏതാനും മണിക്കൂറിനു ശേഷം നഷ്ടപ്പെട്ട മാലയുടെ ഭാഗം കണ്ടുകിട്ടിയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ഇവരുടെ വീടിന്റെ പുറകുവശത്തെ ഭിത്തിയിൽ രണ്ട് എന്നെഴുതി വട്ടം വരച്ച് ശേഷം രണ്ട് ആരോ മാർക്ക് വരച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു.
പരിഭ്രാന്തരായ വീട്ടുകാർ പോലിസിനെ വിളിച്ചറിയിക്കുകയും പോലിസ് എത്തി പിരശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്ന് വീടിനു ചുറ്റുമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.
ഇതിനെല്ലാം ശേഷമാണ് ഇന്നലെ പകൽ ഒന്‍പതരയോടെ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്നത്. വെള്ളിക്കുളങ്ങര പോലിസും ചാലക്കുടി ഡിവൈഎസ്പി ക്കു കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും സ്ഥലത്തെത്തി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.