മുത്തേ നീയാണ് മകന്‍, കൊലക്കേസ് പ്രതിയായ അച്ഛനൊപ്പം തുറന്ന ജയിലില്‍ താമസം, ഐഐടി എന്‍ട്രസ് പരീക്ഷയില്‍ റാങ്കും, പീയുഷാണ് താരം!

goyal 2ഈ മകനെ എന്തു വിളിക്കണം. താമസിക്കാന്‍ ഒരു വീടു പോലും ഇല്ലാതിരുന്നിട്ടും അവന്‍ ഐഐടി എന്‍ട്രസ് പരീക്ഷയില്‍ റാങ്ക് വാങ്ങി. അതും കൊലക്കേസ് പ്രതിയായ അച്ഛനൊപ്പം ജയിലില്‍ താമസിച്ചുകൊണ്ട്. രാജസ്ഥാനിലെ കോട്ടയിലെ തുറന്ന ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്ന ഫൂല്‍ ചന്ദിന്റെ മകന്‍ പീയൂഷ് ഗോയലാണ് മനസുണ്ടെങ്കില്‍ ഏതു നേട്ടവും സ്വന്തമാക്കാമെന്ന് തെളിയിച്ചത്. ദരിദ്രനായ ഫൂല്‍ ചന്ദ് ഗോയലിന്റെ മകന് ഹോസ്റ്റലില്‍ താമസിക്കാനുള്ള പണമില്ലാത്തതു കൊണ്ടു തുറന്ന ജയിലിലെ സെല്ലില്‍ അച്ഛനൊപ്പം കഴിഞ്ഞാണ് പഠിച്ചത്. 454 ാം റാങ്കാണ് പീയുഷ് നേടിയത്. മികച്ച ഐഐടികളിലൊന്നില്‍ പീയൂഷിന് പ്രവേശനം ലഭിക്കും.

ഫൂല്‍ ചന്ദ് 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കി വൈകാതെ മോചിതനാകും. ഇതിന് മുന്നോടിയായാണ് തുറന്ന ജയിലിലേക്ക് മാറ്റിയത്. രണ്ടുവര്‍ഷമായി പീയുഷും ജയിലിലാണ് താമസം. കൊച്ചുമുറിയിലാണ് താമസമെങ്കിലും അതൊന്നും തനിക്ക് പ്രശ്‌നമല്ലെന്ന് ഈ മിടുക്കന്‍ പറയുന്നു. ജയില്‍ അത്ര മോശം സ്ഥലമല്ലെന്നും പഠിക്കാന്‍ ഉദ്യോഗസ്ഥരടക്കം എല്ലാവരും സഹായിച്ചുവെന്നും പീയുഷ്. തുറന്ന ജയിലില്‍ കഴിയുന്നവര്‍ക്ക് പുറത്ത് ജോലിക്കുപോകാനുള്ള അനുമതിയുണ്ട്. ഫൂല്‍ ചന്ദ് ഒരു കടയിലാണ് ജോലി ചെയ്യുന്നത്. നിസാര വരുമാനമേ ഇതില്‍നിന്നുള്ളൂ. മകനെ ഹോസ്റ്റലില്‍ അയയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോച്ചിങ് സെന്ററില്‍ ചേര്‍ത്തിരുന്നു. ഈ അച്ഛന്റെയും മകന്റെയും വാര്‍ത്തയറിഞ്ഞതോടെ ജയില്‍ അധികൃതര്‍ക്ക് ഇവരെ അനുമോദിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശങ്ങളുടെ പ്രവാഹമാണ്.

Related posts