ഗാന്ധിനഗർ(കോട്ടയം) : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു നഴ്സിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ കർശന നിയന്ത്രണവും ജാഗ്രതയും.
മാർച്ച് എട്ടിനു കൊറോണ ലക്ഷണവുമായി റാന്നിയിൽനിന്നു വന്ന വയോധിക ദന്പതികൾക്കും ഇവരുടെ ബന്ധുക്കളായ കോട്ടയം കുമരകം ചെങ്ങളം സ്വദേശികളായ യുവദന്പതികൾക്കും കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു.
രോഗലക്ഷണങ്ങളുമായി 13 പേർ പലഘട്ടങ്ങളിലായി മെഡിക്കൽ കോളജ് ഐസൊലേഷൻ വിഭാഗത്തിൽ നിരീക്ഷണത്തിൽ എത്തുകയും ചെയ്തിരുന്നു.
രോഗബാധിതരുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെടുകയും നിരീക്ഷണത്തിൽ കഴിഞ്ഞ ഒരു വയസുള്ള കുട്ടിയടക്കം ഭൂരിപക്ഷം പേരും ആശുപത്രി വിടുകയും ചെയ്തു.
എന്നാൽ, ഇവരിൽ ചിലരെ പരിചരിച്ച ഒരു നഴ്സിനു കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ ഇവരോടൊപ്പം ഡ്യൂട്ടി ചെയ്ത ചില നഴ്സസുമാരെയും ഗ്രേഡ് വണ്‍, ടു ജീവനക്കാരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതോടെ മെഡിക്കൽ ആശുപത്രി ജീവനക്കാർ ആശങ്കയിലാണ്. മെഡിക്കൽ കോളജിലേക്ക് എത്തുന്നതിനുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കി.
മറ്റ് ആശുപത്രികളിൽനിന്നു റഫർ ചെയ്തുവരുന്ന രോഗികൾ മാത്രമേ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താവൂയെന്നും ഇപ്പോൾ ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർത്തന്നെ തുടർന്നും പരിചരണത്തിനു രോഗിയോടൊപ്പം തുടർന്നാൽ മതിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസേന 3,000ൽ അധികം രോഗികൾ എത്തിയിരുന്ന വിവിധ ഒപികളിൽ ഇപ്പോൾ 600നും 700നും ഇടയ്ക്കുള്ള രോഗികൾ മാത്രമേ എത്തുന്നുള്ളൂ. പ്രവേശിക്കപ്പെടുന്നത് ശരാശരി 65നും 80നും ഇടയിലും ആളുകൾ മാത്രം.