ആലുവ: രണ്ടുമാസവും രണ്ടുദിവസവും പിന്നിട്ട അന്വേഷണത്തിനൊടുവില്‍ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതിയെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ആലുവ പോലീസ് ക്ലബില്‍ പാര്‍പ്പിച്ച് മൊഴിയെടുപ്പും തിരിച്ചറിയല്‍ പരേഡും തെളിവെടുപ്പും പൂര്‍ത്തിയാക്കിയെങ്കിലും കൊലപാതകത്തിന്റെ ദൂരുഹതകളുടെ ചുരളഴിക്കാന്‍ അന്വേഷണ സംഘത്തിന് പൂര്‍ണമായും കഴിഞ്ഞിട്ടില്ല. ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ ബാക്കി ഉള്ളതിനാല്‍ ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനമെന്നറിയുന്നു.
ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ചെരുപ്പുകളില്‍ നിന്നുലഭിച്ച സൂചനയില്‍ നിന്നും കൊലനടന്ന അമ്പതാം ദിവസമാണ് കാഞ്ചിപുരത്ത് നിന്നും പ്രതി പോലീസിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് ആലുവയിലെത്തിച്ച് സംസ്ഥാന പോലീസ് മേധാവിയടക്കം നേരിട്ട് നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നല്‍കിയിരുന്നത്.
കാക്കനാട് ജില്ലാ ജയിലില്‍ റിമാന്റ് ചെയ്ത പ്രതിയെ കേസിലെ പ്രധാന സാക്ഷിയായ സമീപവാസിയായ വീട്ടമ്മയെ ഇവിടെ കൊണ്ടുവന്നു തിരിച്ചറിയുകയായിരുന്നു. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമായ ഉപാധികളോടെയാണ് പിന്നീട് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ കസ്റ്റഡി കാലയളവില്‍ മൂന്നാം മുറയ്ക്ക് വിധേയനാക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ സത്യവാങ് മൂലം നല്‍കുകയും ചെയ്തു. തെളിവെടുപ്പ് ഘട്ടത്തില്‍ പ്രതിയുടെ മുഖം മറക്കാനും കോടതി അനുമതി നല്‍കി.
കേസിലെ പ്രധാനസാക്ഷികളായ ചെരുപ്പുക്കടക്കാരന്‍, പ്രതിയുടെ സഹോദരന്‍ ബദറുല്‍ ഇസ്ലാം, കൊലയ്ക്ക് ശേഷം പ്രതി രക്ഷപ്പെടാന്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, നാട്ടുകാരില്‍ ചിലര്‍ എന്നിവരെ പ്രതിയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ച ആലുവ പോലീസ് ക്ലബലില്‍ എത്തിച്ച് തിരിച്ചറിഞ്ഞിരുന്നു. കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത് കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പ്രതിയെ തിരിച്ചറിയാന്‍ എത്തിയതോടെയായിരുന്നു.
കുളിക്കടവില്‍ വച്ച് അമ്മ തല്ലിയതും, പ്രതികാരത്തിന് കാരണമായിരുന്നുവെന്ന് ചോദ്യം ചെയ്യലിന്റെ ഒരുഘട്ടത്തില്‍ പ്രതി മൊഴി നല്‍കിയിരുന്നു. എന്നാല്‍, പ്രതിയെ കണ്ട് പൊട്ടിത്തെറിച്ച മാതാവ് പ്രതിയെ നേരത്തെ കണ്ടിട്ടില്ലെന്നാണ് പോലീസിനോട് പറഞ്ഞത്. സഹോദരി ദീപയ്ക്കാണെങ്കില്‍ കൊലയാളി ഇതാണെന്ന് വിശ്വാസവും വന്നില്ല. അന്വേഷണ സംഘത്തിന്റെ നിഗമനങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഇരുവരുടെയും മൊഴിയെങ്കിലും ഇത് പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കസ്റ്റഡി അവസാനിക്കുന്ന നാലുദിവസങ്ങളിലാണ് പ്രൊസിക്യൂഷന്‍ അനുകൂലമായ തെളിവെടുപ്പ് നടത്താന്‍ പോലീസിന് കഴിഞ്ഞത്. ജിഷ കൊല്ലപ്പെട്ട വട്ടോളിപ്പടിയിലെ വീട്ടിലെത്തിച്ച് പ്രതിയെ കൊണ്ട് കൃത്യം നടത്തിയതിന്റെ വിശദമായ തെളിവെടുപ്പ് നടത്തി. ചെരുപ്പു വാങ്ങിയ കടയിലും ഭക്ഷണം കഴിച്ച ഹോട്ടലിലും തെളിവെടുപ്പിനായി എത്തിച്ചിരുന്നു. വൈദ്യശാലപ്പടിയിലെ പ്രതിതാമസിച്ചിരുന്ന ലോഡ്ജില്‍ തെളിവെടുപ്പിനായി പോലീസ് എത്തിച്ചെങ്കിലും നാട്ടുകാര്‍ പ്രകോപിതരായതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കേസിലെ പ്രധാന തെളിവായ കൊലചെയ്യാനുപയോഗിച്ച കത്തി ആദ്യം കണ്ടെടുത്തതു തന്നെയാണെന്ന് സ്ഥിരീകരിക്കാനായതും കസ്റ്റഡി കാലയളവിലാണ്.
സംഭവസമയത്ത് ധരിച്ചിരുന്നതായി കരുതുന്ന മഞ്ഞഷര്‍ട്ട് തേടിയാണ് പ്രതിയേയും കൊണ്ട് പോലീസ് തമിഴ്‌നാട്ടിലെ കാഞ്ചിപുത്ത് ഇന്നലെ എത്തിയത്. അവിടെ കാര്‍ കമ്പനിയുടെ പാര്‍ട്‌സ് നിര്‍മാണ ഫാക്ടറിയിലും താമസസ്ഥലത്തും പ്രതിയെ കൊണ്ടുപോയി. തെളിവെടുപ്പ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണ നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും പ്രതിയുടെ അടുത്ത സുഹൃത്തുക്കളുടെ നിരോധാനം പോലീസിനെ കുഴയ്ക്കുകയാണ്. കൊലപാതകത്തില്‍ സുഹൃത്തായ അനാറുള്‍ ഇസ്ലാമിന് പങ്കുണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍ ആ വഴിക്കും അന്വേഷിക്കാന്‍ പോലീസിനെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.
അതേസമയം, സുഹൃത്ത് അനാറുലിനെ പിടികൂടാന്‍ കേരള പോലീസ് അസം സിഐഡിയുടെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ സഹായം തേടിയിരിക്കുകയാണ്. അമീറും അനാറും താമസിക്കുന്ന നൗഗാവ് ജില്ലയില്‍ അസം പോലീസിന്റെ സഹായത്തോടെ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കില്‍ ഫലമുണ്ടായില്ല. അസമിലെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈം ബ്രാഞ്ച് എസ്പി പി.കെ. മധു ഇന്നു കേരളത്തിലേയ്ക്ക് മടങ്ങുമെങ്കിലും മറ്റു സംഘാംഗങ്ങള്‍ അവിടെ തുടരും. നേരത്തെ അനാറുലിനെ അസമില്‍ കണ്ടെത്തി ജജോരി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയതാണെങ്കിലും പിന്നീട് വിട്ടയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് അനാര്‍ മുങ്ങിയത്. എന്നാല്‍, ഇന്ന് നാലരയോടെ കസ്റ്റഡി കാലാവധി അവസാനിച്ച് കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നീട്ടാനുള്ള പ്രൊഡിക്യൂഷന്റെ നീക്കത്തെ പ്രതിഭാഗം അഭിഭാഷകര്‍ എതിര്‍ക്കുമെന്നാണ് സൂചന.