പി.ഏ.പത്മകുമാർ
കൊട്ടാരക്കര: ഈ കൊറോണക്കാലം “മൊട്ട’കളുടേതു കൂടിയാണ്. മുടി വെട്ടാൻ കഴിയാത്തതുമൂലം സ്വയം മൊട്ടകളായവരും അബദ്ധത്തിൽ മൊട്ടകളായി മാറുന്നവരുമായി നിരവധി പേരുണ്ട് നാട്ടിൽ.
ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ബാർബർ ഷോപ്പുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതു മൂലം യഥാസമയം മുടി വെട്ടാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പുരുഷൻമാരിലധികവും. പലരും കൃത്യ സമയങ്ങളിൽ മുടിവെട്ടുന്നവരാണ്.
ആ സമയം കഴിഞ്ഞാൽ വലിയ അസ്വസ്ഥതയാണ് ഇവരിലുളവാകുക. മുൻ ശുണ്ഠിക്കും കുടുംബവഴക്കിനും തന്നെ ഇതു കാരണമാകുന്നുണ്ട്.
ഇത് പരിഹരിക്കാൻ പലരും സ്വയം മുടി വെട്ടാൻ ശ്രമം നടത്തുകയും അത് പരാജയപ്പെടുകയും ചെയ്തു വരുന്നു.
പിന്നീട് ഭാര്യയുടേയോ മക്കളുടെ യോ സഹോദരങ്ങളുടെയോ സഹായത്തോടെ മുടി വെട്ടാൻ ശ്രമം നടത്തും. ഇതും വിജയിക്കാറില്ല. പിന്നീടാണ് അവസാന ആശ്രയമെന്ന നിലയിൽ മൊട്ടയടിക്കേണ്ടി വരുന്നത്.
മറ്റൊരു വിഭാഗം സ്വയം മൊട്ടയടിക്കാൻ തീരുമാനമെടുക്കുന്നവരാണ്. ലോക് ഡൗൺ നാളുകളിൽ വീടിനു പുറത്തിറങ്ങേണ്ടാത്ത സാഹചര്യം അവസരമാക്കി മൊട്ടയടിക്കുകയാണ് ഇക്കൂട്ടർ.കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് ഈ മൊട്ടയടിയും നടന്നു വരുന്നത്.
എന്തായാലും ഇപ്പോൾ പുരുഷന്മാരുടെ കണക്കെടുത്താൽ മൊട്ടകൾക്കായിരിക്കും ഭൂരിപക്ഷം (കഷണ്ടിക്കാരുൾപ്പെടെ) എന്നതാണ് സരസ സംഭാഷണം. പക്ഷേ ഫ്രീക്കൻമാരായ യുവാക്കൾക്ക് ഇതൊന്നും പ്രശ്നമല്ലതാനും.