മാഡ്രിഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി. സർക്കാർ പച്ചക്കൊടി കാണിച്ചതോടെ ലാ ലിഗ ക്ലബ്ബുകൾ പരിശീലനം പുനരാരംഭിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഫ്രഞ്ച് സർക്കാർ സെപ്റ്റംബർ വരെ എല്ലാ കായിക വിനോദങ്ങൾക്കും ചൊവ്വാഴ്ച വിലക്ക് കൽപ്പിച്ചതിനു പിന്നാലെയാണ് കായിക പ്രേമികൾക്ക് ആശ്വാസമേകുന്ന തീരുമാനം സ്പെയിനിൽനിന്ന് വരുന്നതെന്നതാണ് ശ്രദ്ധേയം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ജർമൻ ബുണ്ടസ് ലിഗ എന്നിവിടങ്ങളിൽ കളിക്കാർ ഇതിനോടകം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഇറ്റാലിയൻ സീരി എയും ലീഗ് പുനരാരംഭിക്കാനുള്ള തയാറെപ്പിലാണ്.
യൂറോപ്പിലെ വിവിധ ഫുട്ബോൾ ലീഗുകൾ ഈ സീസണ് പൂർത്തിയാക്കുമോ അതോ റദ്ദാക്കുമോ എന്നതു സംബന്ധിച്ച് മേയ് 25നുള്ളിൽ അന്തിമ തീരുമാനം ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം യുവേഫ അറിയിച്ചിരുന്നു. സ്കോട്ടിഷ്, ഡച്ച് ലീഗുകൾ ഇതിനോടകം റദ്ദാക്കി. ഫ്രഞ്ച് ലീഗിനും പൂട്ട് വീണ അവസ്ഥയാണുള്ളത്.
ജൂണ്‍ പകുതിയോടെ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് ലാ ലിഗ അധികൃതർ ശ്രമിക്കുന്നത്. ലീഗിൽ 11 റൗണ്ട് മത്സരങ്ങൾ ശേഷിക്കേ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റ് മുൻതൂക്കവുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്താണ്.
രാജ്യത്തെ ലോക്ക് ഡൗണ്‍ പിൻവലിക്കാനായി നാല് ഘട്ട പദ്ധതിയാണ് സ്പാനിഷ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ഫെയ്സ് സീറോ മേയ് നാല് മുതൽ 10 വരെയാണ്.
ഇക്കാലയളവിൽ സ്പോർട് ലീഗുകൾക്ക് പരിശീലനം പുനരാരംഭിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. വ്യക്തിഗത പരിശീലനമാണ് ആദ്യ ഘട്ടത്തിൽ അനുവദിക്കുക. എന്നാൽ, എല്ലാവരെയും പരിശോധിച്ചശേഷമേ പരിശീലനത്തിന് അനുമതി നൽകുകയുമുള്ളൂ.
അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരം നടത്തുന്നതിൽ എന്താണ് കുഴപ്പമെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ തെബാസ് ആരാഞ്ഞു. ഫ്രാൻസിൽ സെപ്റ്റംബർവരെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽപോലും മത്സരം റദ്ദാക്കിയത് പരാമർശിക്കവെയായിരുന്നു തെബാസിന്റെ ഈ പ്രതികരണം.