ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയില്‍ ചാരുംമൂടിനു തെക്കുവശം ഗുരുനാഥന്‍ കുളങ്ങരയില്‍ തോടിനു മുകളില്‍ നിര്‍മിച്ചിട്ടുള്ള കലുങ്ക് പാലം അപകടാവസ്ഥയില്‍. വലിയ രീതിയില്‍ കോണ്‍ക്രീറ്റ് സ്ലാബുകളും ടാറിംഗും ഇളകി ഈ ഭാഗത്ത് റോഡ് താഴ്ന്ന നിലയിലാണ്. അതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് ട്രാഫിക് യൂണിറ്റ് ഇവിടെ താല്കാലിക മുന്നറിയിപ്പ് തൂണുകള്‍ സ്ഥാപിച്ചു. നാട്ടുകാര്‍ റോഡ് താഴ്ന്ന ഭാഗത്ത് ഇപ്പോള്‍ വാഴനട്ട് പ്രതിഷേധിച്ചിരിക്കുകയാണ്.
സ്വകാര്യ ബസുകളും ചരക്ക് ലോറികളും ഉള്‍പ്പടെ വലിയ വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ ഇപ്പോള്‍ ഭീതിയാണ്. തിരക്കേറിയ റോഡിലൂടെ നൂറു കണക്കിനു വാഹനങ്ങളാണ് ദിനംപ്രതി കടന്നു പോകുന്നത്. വേടരപ്ലാവ്, ചത്തിയറ ഭാഗങ്ങളിലേക്കുളള വെളളമൊഴുക്ക് തോടിനു മുകളിലായി പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച കലുങ്ക് പാലത്തിന്റെ വശങ്ങള്‍ ഇളകിയാണ് റോഡിന്റെ ഒരുഭാഗം താഴ്ന്നത് .ഇവിടെ ടാറിംഗിനും വിള്ളല്‍ വീണിട്ടുണ്ട്. കലുങ്ക് സംരക്ഷ ണത്തിനുള്ള നടപടികള്‍ എത്രയും വേഗം കൈ ക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.