ആലപ്പുഴ: ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്ന 2021 വരെ സപ്ലൈകോ സബ്സിഡിയോടെ വില്പ നടത്തുന്ന അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്ന് രജിസ്ട്രേഷന്-പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പറഞ്ഞു. ആലപ്പുഴ സക്കറിയ ബസാറിനു വടക്കുവശമുള്ള ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തില്‍ തുടങ്ങിയ സപ്ലൈകോ റംസാന് മെട്രോ ഫെയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നോമ്പ് എടുക്കുന്നവര്‍ കൂടുതലുള്ള ജില്ലാ ആസ്ഥാനത്ത് ഇതു തുടങ്ങാന്‍ മുന്‍കൈയെടുത്ത ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമനെ മന്ത്രി അഭിനന്ദിച്ചു. റംസാന് മെട്രോഫെയറുകള് അടുത്ത വര്‍ഷം മുതല്‍ ഒരുമാസം നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കേരളത്തില്‍ ജന പിന്തുണയോടെ ശക്തമായ റെയ്ഡും പരിശോധനകളും വഴി പൂഴ്ത്തിവയ്പ്പ് ഉള്‍പ്പടെയുള്ള തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡുകളുടെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണാന്‍ പൊതുമരാമത്ത് വകുപ്പ് 50,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതായി ജി. സുധാകരന് പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ -പൊതുവിതരണ മന്ത്രി പി. തിലോത്തമന് റംസാന് മെട്രോഫെയറിന്റെ ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. അരി വില പ്രത്യേകിച്ച് കാരണമില്ലാതെ വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ മില്ലുടമകളും അരിക്കച്ചവടക്കാരുമായി സര്‍ക്കാര്‍ സൗഹാര്ദപരായി ചര്‍ച്ച നടത്തിയെന്നും ഈ പരിപാടി തുടര്‍ന്നാല്‍ കേരളത്തിലേക്ക് കൊണ്ടുവരുന്ന അരി സംബന്ധിച്ചു മാറിച്ചിന്തിക്കേണ്ടി വരുമെന്നു വ്യക്തമാക്കിയതായും മന്ത്രി പി. തിലോത്തമന് പറഞ്ഞു.
ആലപ്പുഴ നഗരസഭ ചെയര്മാന് തോമസ് ജോസഫ് വിശിഷ്ടാതിഥിയായി. ടി.ജെ. ആഞ്ചലോസ്, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, സിവില്‍ സ്റ്റേഷന് വാര്‍ഡ് കൗണ്‍സിലര്‍ എ.എം. നൗഫല്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.എം. നസീര്‍, അഡ്വ. ബി. രാജശേഖരന്, വി.സി. ഫ്രാന്‍സിസ്, തോമസ് ചുള്ളിക്കല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ബി.എസ്. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ് റംസാന് ഫെയറിന്റെ പ്രവര്‍ത്തന സമയം. ഉഴുന്ന്, വറ്റല്‍മുളക്, അരി തുടങ്ങി അവശ്യസാധനങ്ങളെല്ലാം പൊതുവിപണിയെക്കാള്‍ വിലക്കുറവില്‍ സപ്ലൈകോ റംസാന് ഫെയറില്‍ ലഭിക്കും. ബിരിയാണി അരി അടക്കം റംസാന് വിഭവങ്ങള്‍ക്കാവശ്യമായ എല്ലാ ഇനങ്ങള്‍ക്കും പുറമെ മെട്രോ ഫെയറുകളില്‍ പച്ചക്കറിയും ലഭ്യമാക്കും.
