മാങ്കാംകുഴി: ഭാര്യയുടെ പ്രസവത്തിനായി അവധിയ്ക്ക് നാട്ടിലെത്തിയ പ്രവീണിനെ പിറന്നു വീണ കണ്മണിയെ കണ്‍നിറയെ കാണുംമുമ്പേ വിധി തട്ടിയെടുത്തു. വെട്ടിയാര്‍ പാറക്കുളങ്ങര കാവിന്റെ കിഴക്കേതില്‍ പ്രവീണ്‍ വിജയ (35)ന്റെ വേര്‍പാടാണ് ഗ്രാമത്തിന് നൊമ്പരമായി മാറിയത് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കൊല്ലം തേനി ദേശീയപാതയില്‍ ചുനക്കര തെരുവില്‍ മുക്കിനു സമീപംവച്ച് പ്രവീണ്‍ സഞ്ചരിച്ച ബുള്ളറ്റ് ഫര്ണ്ണീച്ചറുമായി നിയന്ത്രണം തെറ്റിവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം പാറക്കുളങ്ങരയിലെ വീട്ടുവളപ്പില്‍ നടക്കും.
കുട്ടിയുടെ പേരില്‍ കിട്ടിയ പുതിയ പാസ്പോര്‍ട്ടുമായി ചുനക്കരയിലെ ഭാര്യ വീട്ടിലേക്ക് പോകുമ്പോഴാണ് പ്രവീണ്‍ സഞ്ചരിച്ച ബുള്ളറ്റ് അപകടത്തില്‍പ്പെട്ടത്. രക്തം വാര്‍ന്ന് കിടന്ന പ്രവീണിനെ ഉടന്‍തന്നെ നാട്ടുകാര്‍ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് കുഞ്ഞിന്റെ ചോറൂണും പേരിടീല്‍ ചടങ്ങും നടന്നത് മകള്‍ക്ക് പ്രാര്‍ത്ഥനയെന്നും പേരിട്ടു ഒടുവില്‍ അപകടത്തില്‍പ്പെട്ട പ്രവീണിനുവേണ്ടി ഒരുനാടാകെ കഴിഞ്ഞദിവസം പ്രാര്‍ത്ഥനയിലായിരുന്നു. ഷാര്‍ജയിലെ ജോലിസ്ഥലത്തേക്ക് ഈ മാസം 27 ന് ഭാര്യ ജിന്‍സി മകള്‍ പ്രാര്‍ത്ഥന ഭാര്യമാതാവ് എന്നിവരെയും കൂട്ടി തിരികെ മടങ്ങാന്‍ ഇരിക്കുകയായിരുന്നു
പ്രവീണ്‍. ഭാര്യ ജിന്‍സിക്കും പ്രവീണിനൊപ്പം വിദേശത്ത് ജോലിയുള്ളതിനാല്‍ ഇവര്‍ കുടുംബ സമ്മേതം വിദേശത്തായിരുന്നു. ഒരുമാസം മുമ്പാണ് ഭാര്യ ജിന്‍സിയുടെ പ്രസവത്തിനായി ഇരുവരും നാട്ടിലെത്തിയത്. അപകട മരണവാര്‍ത്ത സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം പാറക്കുളങ്ങര ഗ്രാമത്തിനും തീരാനൊമ്പരമായിമാറി.