കോലഞ്ചേരി: അങ്കമാലിയില്‍ പിതാവിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന പിഞ്ച് കുഞ്ഞിന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ഫലം കാണുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ന്യൂറോ ഐസിയുവില്‍ കഴിയുന്ന 58 ദിവസം പ്രായമുള്ള കുഞ്ഞ് കൈകാലുകള്‍ ചലിപ്പിക്കുകയും കരയുകയും ചെയ്തു.
ഇത് ആശാവഹമായ കാര്യമാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഇത്തരം പുരോഗതി അടുത്ത 24 മണിക്കൂര്‍ നീണ്ടു നില്ക്കുകയാണെങ്കില് ആശ്വസിക്കാവുന്ന വാര്‍ത്തകള്‍ സംഭവിക്കുമെന്ന കണക്കുകൂട്ടലിലാണ് കുട്ടിയെ ചികില്സിക്കുന്ന ഡോക്ടര്‍മാർ.
പിതാവിന്റെ ആക്രമണത്തില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തി.
തലച്ചോറിനകത്തെ രക്തസ്രാവം മൂലം തുടര്‍ച്ചയായി അപസ്മാരമുണ്ടാവുകയും അബോധാവസ്ഥ തുടരുകയുംചെയ്ത സാഹചര്യത്തിലാണ് നവജാതശിശുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയത്.
ഇതിന് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷിച്ചുവരവെയാണ് കുഞ്ഞിന്റെ ശരീരം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ 18നു പുലര്‍ച്ചെയാണു കുഞ്ഞ് അങ്കമാലിയിലെ വീട്ടില്‍ ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ കൈയില്‍നിന്നു കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി കൈകൊണ്ടു രണ്ടുതവണ കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയും ചെയ്യുകയായിരുന്നു.
ജനിച്ചതു പെണ്കുഞ്ഞായതിനാലും കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചുള്ള സംശയവും മൂലം പിതാവ് കുഞ്ഞിനെ ആക്രമിച്ചെന്നാണു കേസ്. സംഭവത്തില്‍ അങ്കമാലി ജോസ്പുരം ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസിനെ (40) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.