കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പല രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. എന്നാല്‍ കഞ്ചാവും ഇനി എടിഎം വഴി ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് കരീബിയന്‍ രാജ്യമായ ജമൈക്ക. സര്‍ക്കാരാണ് ഇത്തരമൊരു നടപടിയുമായി മുന്നോട്ടുപോകുന്നത്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിമാന ത്താവളങ്ങളിലാണ് ഇത്തരം മെഷീനുകള്‍ സ്ഥാപിക്കുക. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ എത്തുമെന്നാണ് അറിയുന്നത്. ജമൈക്കയില്‍ ഇപ്പോള്‍ ഒരാള്‍ക്ക് രണ്ടുഗ്രാം കഞ്ചാവ് കൈവശംവയ്ക്കാന്‍ അനുമതിയുണ്ട്. പൊലീസിന്റെ അനുമതിയുണ്ടെങ്കില്‍ കൂടുതല്‍ കൈവശം വയ്ക്കാം. കൂടുതല്‍ പണം സമ്പാദിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
കരീബിയന്‍ രാജ്യങ്ങള്‍ പണ്ടു മുതലേ ലഹരി വസ്തുക്കള്‍ക്ക് കുപ്രസിദ്ധി ആര്‍ജിച്ചവയാണ്. കഞ്ചാവ് വില്‍ക്കുന്നതിലൂടെ കൂടിയ അളവില്‍ നികുതി സര്ക്കാരിനുലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളിലും കഞ്ചാവ് വില്പന നിരോധിച്ചിട്ടുണ്ട്. അപൂര്‍വം ചിലയിടങ്ങളില്‍ മെഡിക്കല്‍ ആവശ്യത്തിന് കഞ്ചാവ് കൈവശംവയ്ക്കാന്‍ അനുമതിയുണ്ട്. എന്തായാലും ടൂറിസ്റ്റുകള്‍ കൂടുമോ ഇല്ലയോ എന്നു കണ്ടറിയാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.