ഗായിക സോന മോഹപത്ര നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത്. ബോളിവുഡ് ഭരിക്കുന്ന ചില സിനിമാകുടുംബങ്ങൾക്കു മുൻപിൽ മുട്ടുമടക്കി താഴ്മയോടെ നിന്നാൽ മാത്രമേ ക ഴിവുള്ള പല കലാകാരന്മാർക്കും അവസരങ്ങളും അംഗീകാരങ്ങളും പ്രതിഫലവും ലഭിക്കുകയുള്ളു എന്നാണ് ഗായിക തുറന്നടിച്ചിരിക്കുന്നത്.
2013ൽ പുറത്തിറങ്ങിയ ഫുക്രി എന്ന ബോളിവുഡ് സിനിമയിൽ സംഗീതം ചെയ്തത് രാം സന്പത്ത് എന്നയാളായിരുന്നു. ആ ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ അതിന് സംഗീതം ഒരുക്കാൻ മറ്റൊരാളെയാണ് സിനിമയുടെ അണിയറപ്രവർത്തകർ തെരഞ്ഞെടുത്തത്.
കൂടാതെ, ഫുക്രിയിലെ ഏറെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും ആ വർഷം ഒരൊറ്റ അവാർഡിനു പോലും രാമിനെ പരിഗണിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സോനയുടെ പ്രതികരണം.
സോന മോഹപത്രയുടെ വാക്കുകൾ ഇങ്ങനെ: കഴിവുള്ളവരും കഠിനാധ്വാനം ചെയ്യുന്നവരും ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിവുള്ളവരുമായ കലാകാരന്മാർ സിനിമാ രംഗത്ത് അന്യായമായി തഴയപ്പെടുക യാണ്.
ചില സിനിമാ കുടുംബങ്ങൾക്കു മുൻപിൽ താഴ്മയോടെ നിന്നെങ്കിൽ മാത്രമേ അവർക്ക് അവസരങ്ങൾ ലഭിക്കൂ. എങ്കിലും പ്രതിഫലമോ ഉയർച്ചയോ ഉണ്ടാകില്ല. ബോളിവുഡിലെ സിനിമാ കുടുംബങ്ങളുടെ സമ്മർദത്തിനു വഴങ്ങി അവർക്കു പലപ്പോഴും പലതും അനുസരിക്കേണ്ടി വരും.
യജമാനന്മാർക്കു വേണ്ടി അടിമകളായവർക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. യജമാനന്മാർ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അവർ നിങ്ങൾക്കായി എറിഞ്ഞു തരുന്നു. അത് കിട്ടുന്നതിനാൽ നിങ്ങൾ നന്ദിയുള്ളവരായിരിക്കുന്നു.
ആഘോഷിക്കപ്പെടാനും പുരസ്കാരം നേടാനും പ്രതിഫലം ലഭിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അത്തരമൊരു മോഹം നിങ്ങൾക്കുണ്ടെങ്കിലും അത് നടക്കില്ല. കാരണം, അവർ അതിനു സമ്മതിക്കില്ല,’ സോന മോഹപത്ര സമൂഹമാധ്യമത്തിൽ കുറിച്ചു.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്ത് ജീവനൊടുക്കിയതിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചു നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു.
തെന്നിന്ത്യൻ സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ, മലയാളിയായ ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി തുടങ്ങിയവർ ബോളിവുഡ് തങ്ങളെ അകറ്റി നിർത്തുന്നതായി ആരോപണം ഉയർന്നിരുന്നു.
ബോളിവുഡിലെ പ്രമുഖ താരം സൽമാൻ ഖാൻ തന്നെ വളരാൻ സമ്മതിക്കുന്നില്ല എന്ന ആരോപണവുമായി സംവിധായകൻ അനുരാഗ് കശ്യപും രംഗത്തു വന്നിരുന്നു.
ബോളിവുഡിലെ മുൻനിരക്കാർ പുതിയ ആൾക്കാരെ വളരാൻ സമ്മതിക്കുന്നില്ല എന്ന ആരോപണവുമായി കുറേ പേരും ഇതിനൊപ്പം രംഗത്തു വന്നിരുന്നു. സുശാന്തിന്റെ മരണത്തെത്തുടർന്നു ബോളിവുഡിലെ മുൻനിര നിർമാതാക്കളെയും സംവിധായകരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണം ഇപ്പോഴും തുടരുകയാണ്.