പറവൂർ: ധൈര്യവും മെയ്വഴക്കവും കടിഞ്ഞാണ് പിടിക്കാനുള്ള ആരോഗ്യവുമുള്ള ആർക്കും കുതിരയെ നിയന്ത്രിച്ച് സവാരി ചെയ്യാം. പറവൂരിലെ വിന്റേജ് ഹോഴ്സ് റൈഡിംഗ് ക്ലബിൽ എത്തിയാൽ മതി.
ക്ലബിന്റെ ഉടമസ്ഥനും പരിശീലകനുമായ പറവൂർ സ്വദേശി യൂസഫും 13ഓളം ചെറുതും വലുതുമായ കുതിരകളും റൈഡിംഗ് പഠിപ്പിക്കാൻ തയാറായി നിൽക്കുകയാണ്.
നടത്തം, ഓട്ടത്തിനും നടത്തത്തിനും ഇടയിലുള്ള അവസ്ഥ, ചെറിയ ഓട്ടം, ഓട്ടം എന്നിങ്ങനെ നാല് അടിസ്ഥാന ഹോഴ്സ് റൈഡിംഗ് രീതികളും ഒപ്പം കുതിര പരിപാലനവുമാണ് ഇവിടെ പഠിപ്പിക്കുന്നത്.
ചെറുപ്പം മുതൽ പെൺകുട്ടികളുൾപ്പടെ കുട്ടികളെ കുതിര സവാരി പഠിപ്പിച്ചാൽ ആത്മവിശ്വാസവും മനോധൈര്യവും വർധിക്കുമെന്നും വ്യക്തിത്വ പ്രതിസന്ധിയെ തരണം ചെയ്യാനും സാധിക്കുമെന്നും യൂസഫ് പറയുന്നു.
കൂടാതെ ശാരീരിക മാനസിക ആരോഗ്യവും നേടാനാകും. ആദ്യം കുതിരയ്ക്കൊപ്പം ഇണങ്ങിക്കഴിയുന്നതോടെ സീറ്റും കടിഞ്ഞാണും ബാലൻസ് ചെയ്യാൻ പഠിപ്പിച്ചാണ് പഠനം തുടങ്ങുന്നത്.
കുതിരയുടെ ചലനങ്ങൾ നിരീക്ഷിക്കാനും ഇതിനൊപ്പം പഠിപ്പിക്കും. പിന്നീട് കുതിരയോടുള്ള പേടി മാറിക്കഴിഞ്ഞാൽ ട്രാക്കിലേക്കാക്കും പരിശീലനം.
ആദ്യം ഇന്നർ ട്രാക്കിലും പിന്നീട് ഒരുകീലോമീറ്ററോളമുള്ള ഔട്ടർ ട്രാക്കിലും പരിശീലിപ്പിക്കും. ഇത്തരത്തിൽ 30 ദിവസംകൊണ്ട് മെയ്വഴക്കത്തോടെ കുതിരയെ നിയന്ത്രിച്ച് സ്വയം സവാരി ചെയ്യാനാകുമെന്ന് യൂസഫ് പറയുന്നു.
ആലുവ-പറവൂർ റോഡിൽ മനയ്ക്കപ്പടിയിൽ സ്ഥിതി ചെയ്യുന്ന ഹോഴ്സ് റൈഡിംഗ് ക്ലബിൽ ഇതിനോടകം പെൺകുട്ടികളടക്കം നിരവധിയാളുകളാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്. ഫോൺ: 8606741213.