കോട്ടയം: മധ്യകേരളത്തിലെ തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുന്ന കൊച്ചിയിലുള്ള രണ്ട് അങ്കിളുമാരെ പോലീസ് ചോദ്യം ചെയ്തു.
കൊച്ചിയിൽ താമസിക്കുന്ന കരുണാകരൻ അങ്കിൾ, ഗോപാലൻ അങ്കിൾ എന്നിവരെയാണ് ചോദ്യം ചെയ്തത്.
അങ്കിളുമാർ കൊച്ചിയിലിരുന്ന് നിയന്ത്രിക്കുന്നതു കേരളത്തിലെ വൻ ഹണിട്രാപ്പ് ശൃംഖലയേയാണെന്ന്് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇവർ പ്രധാനമായും ഹണിട്രാപ്പ് കേസുകൾ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നതെന്ന് പോലീസ് സംശയിക്കുന്നു.
ഹണിട്രാപ്പ് കേസുകളിൽ അങ്കിളുമാർ നേരിട്ട് ഇടപെട്ടിരുന്നില്ല. ഇരയാക്കപ്പെടുന്നവർ പണം നല്കാതിരിക്കുകയോ, ഭീഷണിക്കു വഴങ്ങാതിരിക്കുകയോ ചെയ്താൽ മാത്രമേ അങ്കിളുമാർ രംഗ പ്രവേശനം ചെയ്തിരുന്നുള്ളൂ.
അങ്കിളുമാർ അനുമതി നല്കിയിരുന്നവരെ മാത്രമേ തട്ടിപ്പ് സംഘങ്ങൾ ഹണിട്രാപ്പ് കേസിൽ കുടുക്കുന്നതിനായി ബന്ധപ്പെട്ടിരുന്നുള്ളൂ.
അങ്കിളുമാരുടെ പ്രധാന സഹായിയായി പ്രവർത്തിക്കുകയും കോട്ടയത്ത് തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുകയും ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതി ഹോം നഴ്സിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ആദ്യകാലത്ത് ഇത്തരം തട്ടിപ്പുകൾ നടത്തിയിരുന്നത്.
ഇവർ പല വീടുകളിൽ ജോലി നോക്കുകയും അവിടുത്തെ മേൽവിലാസത്തിൽ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് നടത്തുന്പോൾ ഇവർ ഇത്തരത്തിൽ സന്പാദിക്കുന്ന തിരിച്ചറിയൽ രേഖകളായിരുന്നു നല്കിയിരുന്നത്.
തട്ടിപ്പുകൾ പുറത്തായി പോലീസ് അന്വേഷിച്ചു ചെല്ലുന്പോൾ ആളെ കണ്ടെത്താൻ സാധിക്കില്ല. ഇതോടെ പോലീസ് അന്വേഷണം വഴിമുട്ടുകയും ചെയ്യും.
ഇത്തരത്തിൽ ജോലി ചെയ്തിരുന്ന നിരവധി വീടുകളിലെ മേൽവിലാസത്തിൽ യുവതിക്കു തിരിച്ചറിയൽ രേഖകളുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പോലീസ് ഏറെ ശ്രമകരമായ രീതിയിൽ അന്വേഷണം നടത്തിയാണ് യുവതിയെ കണ്ടെത്തി ഇവരുടെ യഥാർഥ പേരും മേൽവിലാസവും കണ്ടെത്തി യത്.
കോട്ടയം ജില്ലയിൽ ഇവരുടെ പേരിൽ വിവാഹ വാഗ്ദാനം നല്കി പണം തട്ടിയെടുത്തതായി നിരവധി പരാതികളുണ്ടെങ്കിലും മൂന്ന് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോട്ടയം മണർകാട് ചീട്ടുകളി കേന്ദ്രത്തിൽ എത്തിയിരുന്ന വ്യാപാരിയെ ഹണിട്രാപ്പിൽ ഉൾപ്പെടുത്തിയതിനു പിന്നിലും ഇതേ സംഘത്തിലെ ചിലരാണെന്ന് പോലീസ് സംശയം ബലപ്പെട്ടിരിക്കുകയാണ്.
പക്ഷേ ഇക്കാര്യത്തിൽ സ്ഥിരീകരണം പോലീസ് നല്കിയിട്ടില്ല. ഹണിട്രാപ്പിനു നേതൃത്വം നല്കിയ ഗുണ്ടാ നേതാവും നഗ്നചിത്രമെടുക്കാൻ ഒപ്പമിരുന്ന സ്ത്രീയും പിടിയിലായെങ്കിൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവൂ.
കൊച്ചിയിലെ അങ്കിളുമാരുമായും തട്ടിപ്പ് സംഘവുമായി അടുത്ത ബന്ധമുള്ളയാളും ഇവർക്കു നിയമസഹായം നല്കിയിരുന്ന ആലപ്പുഴ സ്വദേശിയായ വക്കീലിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
വക്കീലിനും ഇവരുടെ ബിസിനസിൽ പങ്കാളിത്തമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നാളുകൾക്കു മുന്പു കൊച്ചിയിൽ നടന്ന ഹണിട്രാപ്പ് കേസുകളിൽ അങ്കിളുമാർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.