പോരാട്ടവീര്യം കൈമുതലാക്കി രഞ്ജിത് മഹേശ്വരി

sp-renjithmaheswariതോമസ് വര്‍ഗീസ്

തിരുവനന്തപുരം: പ്രതീക്ഷ ഒരിക്കലും കൈവിടില്ല, പോരാട്ടവീര്യം. അതാണു രഞ്ജിത് മഹേശ്വരി എന്ന കായികതാരത്തിന്റെ കൈമുതല്‍. തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന കോട്ടയം ചാന്നാനിക്കാടുകാരനായ രഞ്ജിത് മഹേശ്വരി ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത് ഒരു കടംവീട്ടലിനു കൂടിയാണ്. 2008 ലും 2012 ലും ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ മത്സരത്തിനിറങ്ങിയെങ്കിലും മെഡല്‍ നേട്ടത്തിലെത്തിയില്ല. ഇക്കുറി ഇന്ത്യന്‍ ദേശീയ പതാക റിയോയില്‍ പാറിപ്പറപ്പിക്കാന്‍ ട്രിപ്പിള്‍ ജംപിലൂടെ ഒരു മെഡല്‍ നേട്ടം.

ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക് മറികടന്നതു ദിവസങ്ങള്‍ക്കു മുമ്പു മാത്രം. ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രിയുടെ നാലാം പതിപ്പില്‍. അതും ഒളിമ്പിക്‌സ് തുടങ്ങാന്‍ 23 ദിവസം മുമ്പ്. ദേശീയ റിക്കാര്‍ഡ് തകര്‍ത്തെറിഞ്ഞ് 17.30 മീറ്റര്‍ ദൂരം താണ്ടിയാണ് രഞ്ജിത് മഹേശ്വരി റിയോയിലേക്ക് ബര്‍ത്ത് ഉറപ്പിച്ചത്. ലോക റാങ്കിംഗ് പരിശോധിച്ചാല്‍ രഞ്ജിത് മഹേശ്വരിക്ക് മൂന്നാം സ്ഥാനം. ഇതോടെ ഇന്ത്യന്‍ കായികരംഗം രഞ്ജിത്തില്‍ നിന്ന് ഒരു മെഡല്‍ നേട്ടം പ്രതീക്ഷിച്ചാല്‍ അത് അമിത പ്രതീക്ഷയെന്നു പറഞ്ഞു തള്ളുന്നതും ശരിയല്ല.

2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേട്ടം സ്വന്തമാക്കിയപ്പോള്‍ നിലനിര്‍ത്തിയ പ്രകടന മികവാണ് വീണ്ടും ഈ ട്രിപ്പിള്‍ ജംപ് താരം ആറു വര്‍ഷത്തിനു ശേഷവും നിലനിര്‍ത്തിയത്. അര്‍ജുന അവാര്‍ഡുമായി ബന്ധപ്പെട്ടും കഴിഞ്ഞ ഒളിമ്പിക്‌സിലെ ഫൗള്‍ ചാട്ടത്തെ തുടര്‍ന്നും നിരവധി ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും അവയിലൊന്നും അടിപതറാതെ മുന്നോട്ടുപോയതോടെയാണ് മൂന്നാമത് ഒരിക്കല്‍ക്കൂടി ഒളിമ്പിക് ജഴ്‌സി അണിയാന്‍ രഞ്ജിത് മഹേശ്വരി എന്ന മുപ്പതുകാരന് അവസരമൊരുങ്ങിയത്.

തായ്‌ലന്‍ഡില്‍ കഴിഞ്ഞമാസം നടന്ന മത്സരത്തിലൂടെ റിയോയിലേയ്ക്ക് ബര്‍ത്ത് ഉറപ്പിക്കാമെന്ന വിശ്വാസമായിരുന്നു രഞ്ജിത്തിനും കോച്ച്് നിഷാദിനും ഉണ്ടായിരുന്നത്. തായ്‌ലന്‍ഡില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയെങ്കിലും ഒളിമ്പിക്‌സിന്റെ യോഗ്യതാ മാര്‍ക്ക് മറികടക്കാനാവാത്ത നിരാശയിലായിരുന്നു അന്നു രഞ്ജിത്ത് തിരികെ ഇന്ത്യയിലേക്ക് എത്തിയത്.

തുടര്‍ന്ന് ഏറെ പ്രതീക്ഷയോടെയും എന്നാല്‍ കടുത്ത മാനസിക സംഘര്‍ഷത്തോടെയുമായിരുന്നു ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ നാലാം പതിപ്പ് മത്സരത്തിനായി ഇറങ്ങിയത്. ബംഗളൂരുവിലെ ആദ്യ ചാട്ടം 16.55 മീറ്റര്‍. ഇതോടെ രഞ്ജിത്തിനും കോച്ച് നിഷാദിനും ആത്മവിശ്വാസം. രണ്ടാം ചാട്ടം മികച്ച സ്റ്റാര്‍ട്ടിംഗ്, ഒപ്പം കൃത്യമായ ടെക്‌നിക്ക് 16.75 മീറ്റര്‍ ദൂരം മറികടന്നു. ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് രണ്ടാം ചാട്ടത്തിലും മറികടക്കാന്‍ സാധിച്ചില്ല. യോഗ്യതാ മാര്‍ക്കായ 16.85 മീറ്റര്‍ മറികടക്കാനായി ചാടിയ മൂന്നാം ചാട്ടത്തില്‍ രഞ്ജിത് കുറിച്ചത് 16.93 മീറ്റര്‍. ഒളിമ്പിക് ബര്‍ത്ത് ഉറപ്പിച്ചതോടെ നടത്തിയ അടുത്ത ചാട്ടത്തില്‍ സ്വര്‍ണവും ദേശീയ റിക്കാര്‍ഡും 17.30 മീറ്ററില്‍ റിയോയിലേക്ക്.

രഞ്ജിത് മഹേശ്വരി
ജനനം 1986 ജനുവരി 30
വയസ്: 30

സ്വദേശം: കോട്ടയം, ചിങ്ങവനം, ചാന്നാനിക്കാട്
ഭാര്യ: സുരേഖ (പോള്‍വോള്‍ട്ട് താരം)
മകള്‍: ജിയ രഞ്ജിത്
മത്സര ഇനം: ട്രിപ്പിള്‍ ജംപ്,
മികച്ച ദൂരം: 17.30 മീറ്റര്‍

മെഡല്‍ നേട്ടങ്ങള്‍
2010 കോമണ്‍വെല്‍ത്ത് ഗെയിംസ്: വെങ്കലം
2007 ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്: സ്വര്‍ണം
2007, 2008, 2010,2012 ഏഷ്യന്‍ ഗ്രാന്‍പ്രീ സ്വര്‍ണം
ദേശീയ തലത്തില്‍ നിരവധി മെഡലുകള്‍
2008 ബെയ്ജിംഗ് , 2012 ലണ്ടന്‍ ഒളിമ്പിക്‌സുകളില്‍ പങ്കെടുത്തു.

Related posts