താരസംഘടന അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ നടന്മാര് വേദിയിലിരുന്നപ്പോള്‍ നടിമാര്‍ സമീപത്ത് നില്‍ക്കുകയായിരുന്നു.
ഹണി റോസ്, രചന നാരായണന്‍ക്കുട്ടി തുടങ്ങിയ നടിമാര്‍ വേദിക്ക് അരികില്‍ നില്ക്കുന്ന ഫോട്ടോകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ ചിത്രമാണ് വിവാദങ്ങള്‍ക്കാധാരം. നിരവധിപ്പേര്‍ ഈ ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടു രംഗത്തുവരുന്നുണ്ട്.
അതേസമയം ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഹണി റോസും രചനാ നാരായണൻ കുട്ടിയും. ഹണിയുടെ വാക്കുകൾ ഇങ്ങനെ… ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല. ഇങ്ങനൊരു വിവാദത്തെപ്പറ്റി അറിഞ്ഞിട്ടുമില്ല. അതുകൊണ്ട് അഭിപ്രായം പറയാന്‍ പറ്റില്ലല്ലോ.
അമ്മയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു നടന്നത്. എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ നിന്ന് ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഇവിടെ വന്ന് ഇരിക്കൂ എന്ന് മറ്റ് കമ്മിറ്റി മെമ്പേര്‍സ് പറഞ്ഞതാണ്. എന്നാല്‍ എക്സിക്യൂട്ടീവ് മെമ്പര്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ചെയ്യാന്‍ അവിടെ പല ജോലികളും ഉണ്ടായിരുന്നു, ജില്ലാ കമ്മിറ്റി മെമ്പേഴ്സിനും അവരുടേതായ ജോലികള്‍ ഉണ്ട്.
ഇത്രയും വലിയ ചടങ്ങ് നടക്കുമ്പോള്‍ ഇരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ചില കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്ന് നില്ക്കുമ്പോഴാണെന്ന് തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്.ഞാനും രചനയും മാത്രമല്ല, പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ മറ്റ് കമ്മിറ്റി മെമ്പേഴ്സും അവിടെ നില്ക്കുന്നുണ്ടായിരുന്നു.
ഇങ്ങനൊരു വിഷയം ഇത് കഴിഞ്ഞ് ഉണ്ടാകും എന്ന് കരുതിയില്ലല്ലോ ഞങ്ങള്‍ അവിടെ നിന്നത്. സ്ത്രീകള്‍ അവിടെ നിന്നു എന്നത് മാത്രം ഫോക്കസ് ചെയ്യുന്നത് കൊണ്ടാണ് ഈ പ്രശ്നം. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയില്‍ ഇല്ല. എല്ലാ അംഗങ്ങളെയും അമ്മ ഒരുപോലെയാണ് കാണുന്നതെന്നും ഒരു മാധ്യമത്തിനു നല്കിയ പ്രതികരണത്തില്‍ ഹണി റോസ് വ്യക്തമാക്കി.
രചന പറയുന്നതിങ്ങനെയാ ണ്… ചിലര്‍ അങ്ങനെ ആണ്, ദോഷൈകദൃക്കുകള്‍. എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍. വിമര്‍ശന ബുദ്ധി നല്ലതാണ്, വേണം താനും.ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോള്‍ അല്ലെങ്കില്‍ ‘ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി …
കഷ്ടം… എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍ സ്ത്രീകളെ അപമാനിച്ചു എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. സെന്‍സ്ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കു .
വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നുമായിരുന്നു രചന നാരായണന്‍കുട്ടി കുറിച്ചത്. മോഹന്‍ലാല്‍, സിദ്ദിഖ്, ഇടവേള ബാബു, ടിനി ടോം, ജയസൂര്യ, ആസിഫ് അലി, അജു വര്‍ഗീസ്, ബാബുരാജ് ഇവരെല്ലാം നില്‍ക്കുകയും ഹണി റോസിനൊപ്പം താനും ഇരുന്നുള്ള ഫോട്ടോയുമായിരുന്നു രചന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞായിരുന്നു രചന നാരായണന്‍കുട്ടിയുടെ കുറിപ്പ്. ചിത്രത്തെ വിമര്‍ശിച്ച പാര്‍വതി തിരുവോത്തിനെയും രചന പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി മാറുകയായിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ പിന്തുണച്ചും എതിർത്തും കമന്റുകളുമായെത്തിയത്.