കോട്ടയം: കേരള കോണ്ഗ്രസ് എമ്മിനു ജില്ലയിൽ ലഭിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കും.
മാണി സി. കാപ്പൻ മുന്നണി വിട്ടതോടെ തർക്കത്തിനുള്ള സാധ്യതകൾ ഇല്ലാതായി. കാഞ്ഞിരപ്പള്ളി സീറ്റിനായി സിപിഐ മുറുകെ പിടിക്കുന്നുണ്ടെങ്കിലും അവസാന നിമിഷം വഴങ്ങിയേക്കും. ചങ്ങനാശേരി സീറ്റ് വേണമെന്ന വാശിയിലാണ് കേരള കോണ്ഗ്രസ്.
എന്നാൽ ചങ്ങനാശേരി വിട്ടുതരണമെന്നും പകരം മറ്റൊരു സീറ്റെന്ന സിപിഎമ്മിന്റെ വാദം മാണി വിഭാഗം അംഗീകരിച്ചില്ല.ജനാധിപത്യ കേരള കോണ്ഗ്രസിനു വേണ്ടിയാണ് സിപിഎം ചങ്ങനാശേരി ചോദിക്കുന്നത്. ജോബ് മൈക്കിളിനു വേണ്ടിയാണ് മാണി ഗ്രൂപ്പ് ചങ്ങനാശേരി ചോദിക്കുന്നത്.
കഴിഞ്ഞ തവണ തളിപ്പറന്പിൽ മത്സരിച്ച ജോബ് മൈക്കിളിനു ഇത്തവണ ഉറപ്പുള്ള സീറ്റു നൽകിയേക്കും.പൂഞ്ഞാർ സീറ്റിൽ സിപിഎം മത്സരിക്കണമെന്ന ആവശ്യവും കേരള കോണ്ഗ്രസ് നിരസിച്ചു. പൂഞ്ഞാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കഴിഞ്ഞ തവണ മത്സരിച്ച ജോർജുകുട്ടി ആഗസ്തി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, ലോപ്പസ് മാത്യു എന്നിവരെയാണ് പരിഗണിക്കുന്നത്.
ഇതിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ.ജെ. തോമസിനു വേണ്ടിയാണ് സീറ്റ് സിപിഎം ചോദിക്കുന്നത്. തോമസിനെ മത്സരിപ്പിക്കുന്നതിനോട് പിണറായി വിജയനും യോജിപ്പാണ്. എന്നാൽ മാണി ഗ്രൂപ്പ് സീറ്റു വിട്ടുനൽകാനിടയില്ല.
കടുത്തുരുത്തിയിൽ സർപ്രൈസ് സ്ഥാനാർഥിയുണ്ടാകുമെന്ന പാർട്ടി ചെയർമാന്റെ പ്രഖ്യാപനം എല്ലാവരും ആകാംക്ഷയോടെയാണ് നോക്കുന്നത്. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സഖറിയാസ് കുതിരവേലി, സ്റ്റീഫൻ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, സിറിയക് ചാഴികാടൻ എന്നിവരെയാണ് മാണി ഗ്രൂപ്പ് കാണുന്നത്.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബിനെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്നും ആ്വശ്യമുയർന്നിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തെഞ്ഞെടുപ്പിൽ കോട്ടയത്തേക്കും സിന്ധുമോൾ ജേക്കിനെ പരിഗണിച്ചിരുന്നു.