ലോകത്തെ മറന്ന് എന്ത് ആഘോഷം ! ലോക്ക്ഡൗണിനിടെ അഞ്ജലിയെ സ്വന്തമാക്കി മണികണ്ഠന്‍; ആഘോഷ ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി…

നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി വിവാഹിതനായി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായായിരുന്നു ചടങ്ങുകള്‍.

തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ ഏറെ ആളുകള്‍ പങ്കെടുത്തിരുന്നില്ല. തൃപ്പൂണിത്തുറ പേട്ട സ്വദേശിനി അഞ്ജലിയാണ് വധു.

ആറ് മാസം മുന്‍പ് വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ കല്യാണ വിവരങ്ങള്‍ മണികണ്ഠന്‍ പങ്കുവച്ചിരുന്നു.

മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവരുടെ ആശിര്‍വാദം വാങ്ങിയാണ് മണികണ്ഠന്റെ വിവാഹം.

വിവാഹച്ചെലവുകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠന്‍ അറിയിച്ചിരുന്നു. എംഎല്‍എ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങി.

താലികെട്ടിനും മറ്റും മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു. വിവാഹം മറ്റൊരു ദിവസം നടത്താന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

എങ്കിലും നിശ്ചയിച്ച ദിവസം തന്നെ നടത്താന്‍ മണികണ്ഠന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാത്തിനും കുടുംബം മാത്രം സാക്ഷി.

ലോക്ക് ഡൗണ്‍ പ്രഖ്യാപനം വെല്ലുവിളിയായെങ്കിലും ആറുമാസം മുന്‍പ് നിശ്ചയിച്ച കല്യാണതീയതി മാറ്റേണ്ട എന്നായിരുന്നു വധൂവരന്മാരുടെ തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമാണെന്ന് വിളിച്ച് അറിയിച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്.

ലോകം മുഴുവന്‍ പ്രശ്നത്തില്‍ നില്‍ക്കുമ്പോള്‍ ആഘോഷമായി ചടങ്ങുനടത്തുന്നത് ശരിയല്ലെന്ന മണികണ്ഠന്റെ തീരുമാനത്തോട് അഞ്ജലിയും യോജിക്കുകയായിരുന്നു.

ഇന്നലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കല്യാണക്കാര്യം മണികണ്ഠന്‍ പുറം ലോകത്തെ അറിയിച്ചത്. ‘നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല.

നിങ്ങള്‍ക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു.

വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്പലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫേസ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍.

എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു. ഇങ്ങനെയായിരുന്നു മണികണ്ഠന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞത്.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ആചാരി മലായാളികള്‍ക്ക് പ്രിയങ്കരനായത്.

പിന്നീട് ഇതര ഭാഷകളില്‍ അടക്കം മണികണ്ഠന്‍ മികച്ച ചില വേഷങ്ങള്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം കോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.

Related posts

Leave a Comment