കൊയിലാണ്ടി: കൊയിലാണ്ടി ഇടതുമുന്നണി സ്ഥാനാർഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കാനത്തിൽ ജമീലക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു.
സംഭവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജമീലയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് വ്യാജ വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇവർ യുക്തിവാദിയാണെന്നും മത വിശ്വാസത്തിന് എതിരാണെന്നും മതസ്പർധയുളവാക്കുന്ന തരത്തിൽ ജമീല പ്രസംഗിച്ചതായാണ് വീഡിയോയുടെ ഉള്ളടക്കം.
കഴിഞ്ഞ 25 വർഷത്തിലേറെയായി പൊതുരംഗത്തും ഭരണരംഗത്തും മികവ് തെളിയിച്ച ജമീലയുടെ സ്ഥാനാർഥി പ്രഖ്യപനത്തോടെ പരാജയഭീതിയിലായ യുഡിഎഫ് ആണ് ഇതിന് പിന്നിലെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
വർഷങ്ങൾക്കു മുമ്പ് കോഴിക്കോട്വച്ച് കാനത്തിൽ ജമീല നടത്തിയ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയും മറ്റ് ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തും ഉണ്ടാക്കിയ വീഡിയോ ആണ് പ്രചരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
ഈ വീഡിയോയുടെ പൂർണരൂപം ഉൾക്കൊള്ളുന്ന വീഡിയോ ക്ലിപ്പിംഗും കമ്മീഷന് കൈമാറിയിട്ടുണ്ട്.
ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇടതുനേതാക്കളും സ്ഥാനാർഥിയും വരണാധികാരിയായ ജില്ലാ കളക്ടറോടും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.