കലിപ്പ് തീരുന്നില്ല വക്കീലന്മാര്‍ക്ക്! മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേ അച്ചടക്കനടപടിയുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍

Advcateകൊച്ചി: ഹൈക്കോടതിയിലും പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍  മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ നീക്കം.

സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ ചര്‍ച്ചകളില്‍ അഭിഭാഷകര്‍ക്കെതിരായി നിലപാടെടുത്ത ആറ് അഭിഭാഷകര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ നീക്കം. മുതിര്‍ന്ന അഭിഭാഷകരായ ഡോ. സെബാസ്റ്റിയന്‍ പോള്‍, കാളീശ്വരം രാജ്, സി.പി. ഉദയഭാനു, ശിവന്‍ മഠത്തില്‍, എസ്. ജയശങ്കര്‍, വി.വി. നന്ദഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് അസോസിയേഷന്റെ അച്ചടക്കനടപടി. മാധ്യമചര്‍ച്ചകളിലും മറ്റും അസോസിയേഷന്റെ നിലപാടുകള്‍ക്ക് എതിരായി സംസാരിച്ചതാണ് ഇവര്‍ക്കെതിരെ അച്ചടക്കനടപടിക്ക് അസോസിയേഷന്‍ മുതിരുന്നത്.

ഗവ. പ്ലീഡര്‍ ധനേഷ് മാത്യു യുവതിയെ പെതുവഴിയില്‍വച്ചു കടന്നുപിടിച്ചെന്ന പരാതിയില്‍ പോലീസെടുത്ത കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്നാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ രണ്ടു ദിവസങ്ങളിലായി അക്രമം നടത്തിയത്. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിംഗിനായി എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ തടഞ്ഞുവയ്ക്കുകയും മീഡിയാ റൂം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഹൈക്കോടതിയിലെ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായി ഇന്നലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടന്നിരുന്നു.

ഹൈക്കോടതിയിലും പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാന്‍ അഡ്വക്കറ്റ് ജനറല്‍ തീരുമാനിച്ചുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ എറണാകുളം ഡപ്യൂട്ടി സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണയെക്കൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനമായി.

ഇന്നലത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദിന്റെ നേതൃത്വത്തില്‍ മാധ്യമപ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണു തീരുമാനം. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിക്കു സമീപം സംഘം ചേരുന്നതിനും പൊതുയോഗങ്ങള്‍, ധര്‍ണ, മാര്‍ച്ച്, പിക്കറ്റിംഗ് എന്നിവ നടത്തുന്നതും നിയന്ത്രണമേര്‍പ്പെടുത്തി സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇന്നലെ മുതല്‍ 15 ദിവസത്തേക്കു ഹൈക്കോടതിയുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളായ മത്തായി മാഞ്ഞൂരാന്‍ റോഡ്, ഇആര്‍ജി റോഡ്, ഏബ്രഹാം മാടമാക്കന്‍ റോഡ്, സലിം അലി റോഡ് എന്നിവിടങ്ങളിലാണു നിയന്ത്രണം.

Related posts