റിച്ചാർഡ് ജോസഫ്
മലയോര മേഖലയായ ഇടുക്കി ജില്ലയിലെ അടിമാലിയും അവിടുത്തെ ജീവിതങ്ങളും വരച്ചു കാട്ടുകയാണ് ജാസി ഗിഫ്റ്റ് ആലപിച്ച ഞാൻ ഓട്ടോക്കാരൻ എന്ന സംഗീത ആൽബം.
ഹൈറേഞ്ചിന്റെ മനോഹാരിതയും ഓട്ടോക്കാരുടെ നന്മയും പകർത്തിയിരിക്കുന്ന ഈ സംഗീത ആൽബം സോഷ്യൽ മീഡിയയിൽ ഇതിനോടകം ആയിരക്കണക്കിനാളുകളാണ് കണ്ടത്. ലോകമെന്പാടും വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലേക്കും ഈ ആൽബം ഷെയർ ചെയ്യപ്പെട്ടു.
ഓട്ടോക്കാരുടെ ജീവിതത്തിലൂടെയാണ് ഈ സംഗീത ആൽബത്തിൽ കഥകളും ജീവിതങ്ങളും പങ്കുവയ്ക്കുന്നത്. അടിമാലിയിലെ ഓട്ടോറിക്ഷ ജീവനക്കാരാണ് ആൽബത്തിൽ പ്രധാനമായും അഭിനയിച്ചിരിക്കുന്നതും.
അടിമാലി ടൗണിലുളള എഴുപതോളം ഓട്ടോറിക്ഷകളുടെ പേരുകളും ഇതിലെ ഗാനം ചിട്ടപ്പെടുത്താൻ ഉപയോഗിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട ്.
ഗ്രാമീണ, നാടൻ കലകൾ ഉൾപ്പെടെ വിവിധ കലാരൂപങ്ങളുടെ ഒരു കേന്ദ്രം കൂടിയാണ് അടിമാലി. അടിമാലിയുടെ നിഷ്കളങ്കതയും സ്നേഹവും കൊച്ചുകൊച്ചു കൂട്ടായ്മകളുമെല്ലാം ആൽബത്തിലും പ്രതിഫലിക്കുന്നു.
ഓട്ടോറിക്ഷ ജീവനക്കാർ ഒപ്പമുള്ളവർക്കും സമൂഹത്തിനും ചെയ്യുന്ന സേവനങ്ങളും നന്മകളും ആൽബം വരച്ചു കാട്ടുന്നു.
ദി ഗ്രേറ്റ് ഹാർവസ്റ്റ് സിനിമാസിനു വേണ്ടി ആൽബത്തിന്റെ രചനയും സംഗീത സംവിധാനവും ഒരുക്കിയിരിക്കുന്നത് നിരവധി ഹ്രസ്വചിത്രങ്ങൾക്ക് വരികളും സംഗീതവും ഒരുക്കിയിട്ടുള്ള ഡാനിയേൽ ജോണ് ആണ്.
ഹെൻട്രി തോമസാണ് നിർമാണം. അടിമാലിയുടെ സൗന്ദര്യവും ജീവിതവും കാമറയിൽ പകർത്തിയിരിക്കുന്നത് ഉല്ലാസ് ഐഡിയ ആണ്. അഭിജിത് ഗോപി സ്കൈമീഡിയ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. അസോസിയേറ്റ് ഡയറക്ടറായി ഷിബു കൃഷ്ണയും അസോസിയേറ്റ് കാമറമാനായി ഗോകുലും പ്രവർത്തിച്ചിരിക്കുന്നു.
ടെക്നിക്കൽ സപ്പോർട്ട് ഷിനോദ് ശ്രീനിലയവും പ്രോഗ്രാമിംഗ് ബിജു ജോണ് ഏയ്ഞ്ചലുമാണ് നിർവഹിച്ചത്. കൂന്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർഥിനിയായ ആൻഡ്രിയ, പുതുമുഖ ഗായകൻ ഗണേശൻ തുടങ്ങിയവരും ആൽബത്തിൽ ജാസി ഗിഫ്റ്റിനൊപ്പം പാടിയിട്ടുണ്ട്.
ഹെലൻ രാജേഷ്, ഡോണ ബിജു എന്നീ കൊച്ചു കലാകാരികളുടെ നൃത്ത രംഗങ്ങളും ആൽബത്തിൽ കാണാം. അടിമാലിയിലും പരിസര പ്രദേശങ്ങളിലുമാണ് ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.