നസിറുദ്ദീന്‍ വധം ആസൂത്രണം ചെയ്തത് എസ്ഡിപിഐ നേതൃത്വമെന്ന് ലീഗ്

KKD-MUSLIMവടകര : വേളം പുത്തലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് എസ്ഡിപിഐ നേതൃത്വമാണെന്നും ഇതിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ലീഗ് വേളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രതികളെ രക്ഷിക്കുന്നതിന് സംഘടനാ തലത്തില്‍ തന്നെ എസ്ഡിപിഐ പ്രവര്‍ത്തിച്ചതായി യോഗം ആരോപിച്ചു. പുത്തലത്ത് അനന്തോത്ത് മുക്കില്‍ നസീറുദ്ദീനെ കുത്തിയ ബഷീറിനെയും അന്ത്രുവിനെയും വടകരയിലേക്ക് രക്ഷപ്പെടുത്തുന്നതിന് എസ്ഡിപിഐ  നേതൃത്വം മുന്‍കൈയെടുത്തു.

സംഭവം നടന്ന ഉടന്‍ എസ്ഡിപിഐയുടെ പഞ്ചായത്ത് നേതാക്കള്‍ സ്ഥലത്തെത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ബഷീറിനെയും അന്ത്രുവിനെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എസ്ഡിപിഐ നേതാക്കളാണ്.  കൊലയാളികളുടെ ചിത്രം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ എന്ന രീതിയിലാണ് പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. നസീറുദ്ദീനെ കൊലപ്പെടുത്തുമ്പോള്‍ ചിതറിത്തെറിച്ച ചോര പുരണ്ട മുണ്ടുടുത്ത പ്രതികളുടെ ചിത്രമാണ് പത്രത്തില്‍ വന്നത്.

സംഭവം വഴിതിരിച്ചു വിടാന്‍ ഉന്നത ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണെന്ന് കുറ്റപ്പെടുത്തി. പുത്തൂര്‍ മുഹമ്മദലി അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.കെ. ബഷീര്‍, വി. അമ്മത്, കെ.സി. മുജീബുറഹ്മാന്‍, മുന്നൂല്‍ മമ്മു ഹാജി, കെ. അഹമ്മദ് ഹാജി, വി. അബ്ദുറഹിമാന്‍, എം.എ. കുഞ്ഞബ്ദുല്ല, ബഷീര്‍ മാണിക്കോത്ത്, കുറുവങ്ങാട്ട്് കുഞ്ഞബ്ദുല്ല,  തുടങ്ങിയവര്‍ സംസാരിച്ചു.

Related posts