കുമരകം ബോട്ട് ദുരന്തത്തിനു നാളെ 14 വയസ്; ഇപ്പോഴും സര്‍വീസ് നടത്തുന്നത് കാലപ്പഴം ചെന്ന ബോട്ടുകളെന്ന് നാട്ടുകാര്‍

ktm-boatകുമരകം: കുമരകം ബോട്ട് ദുരന്തത്തിന്റെ പതിന്നാലാം വാര്‍ഷികത്തിലും ജലഗതാഗത വകുപ്പിന്റെ കാലപ്പഴക്കമുള്ള ബോട്ടുകള്‍ മാറ്റാറായില്ല. സര്‍വീസുകള്‍ കാര്യക്ഷമമാക്കാനോ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനോ വകുപ്പിനു കഴിഞ്ഞിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. കേരളത്തിലെ ഏറ്റവും നീളം കൂടിയതും ഇടയ്ക്ക് സ്റ്റോപ്പില്ലാത്തതുമായ ഒന്‍പതു കിലോമീറ്റര്‍ ദൂരമുള്ള കടത്ത് സര്‍വീസാണ് കുമരകം-മുഹമ്മ ജലപാത. 2002 ജൂലൈ 27നാണ് മുഹമ്മയില്‍ നിന്ന് കുമരകത്തേക്കു വന്ന ബോട്ട് മുങ്ങി 29 പേര്‍ മരിച്ചത്.

ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ചു സമര്‍പ്പിച്ച ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പോലും നടപ്പാക്കിയിട്ടില്ല. ജെട്ടിയില്‍ ബോട്ട് തിരിക്കാന്‍ പോലും ഇടമില്ല. ബോട്ടുകളില്‍ കരുതേണ്ട അഗ്നിശമന ഉപകരണങ്ങള്‍, ലൈഫ് ബോയ്, ലൈഫ് ജാക്കറ്റുകള്‍, അടിയന്തര ഘട്ടങ്ങളില്‍ ബോട്ടിലെ വെള്ളം പമ്പ് ചെയ്യാന്‍ ശക്തിയേറിയ പമ്പു സെറ്റ് ഇവയൊന്നും ബോട്ടുകളിലില്ല. എല്ലാ വര്‍ഷവും ദുരന്ത സ്മരണ പുതുക്കല്‍ മാത്രം. ദുരന്തം ഉണ്ടാകാതിരിക്കാനുള്ള നടപടി എന്നുണ്ടാകുമെന്ന് യാത്രക്കാര്‍ ചോദിക്കുന്നു.

Related posts