മേലൂർ: ആടിനെ മോഷ്ടിച്ച് കൊന്നു ഭക്ഷിച്ച യുവാവ് പോലീസിന്റെ പിടിയിൽ. പുഷ്പഗിരിയിലെ ആട് ഫാമിൽ നിന്നും മോഷ്ടിച്ചു കൊണ്ടുവന്ന ആടിനെ കൊന്നു ഭക്ഷിച്ച കരിപാത്രവീട്ടിൽ വിനോദി(27)നെയാണ് കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണ് അറസ്റ്റു ചെയ്തത്.
കാലടി സ്വദേശിയായ കുന്നേകാടൻ വീട്ടിൽ എബ്രഹാം തോമസിന്റെ പുഷ്പഗിരിയിലുള്ള ഫാമിൽ നിന്നും കഴിഞ്ഞ 17ന് രാത്രിയാണ് വിലകൂടിയ ജംനാപ്യാരി വിഭാഗത്തിൽപ്പെട്ട രണ്ടു ആടുകൾ മോഷണം പോയിരുന്നത്.
ആടുകൾ മോഷണം പോയ സംഭവത്തിൽ കൊരട്ടി പോലീസിൽ ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സമീപവാസികളെ ചോദ്യം ചെയ്തതിൽ ഫാമിനു സമീപമുള്ള വീടുകളിൽ നിന്നും പലപ്പോഴായി കോഴി, താറാവ് തുടങ്ങിയ വളർത്തുമൃഗങ്ങൾ മോഷണം പോകാറുണ്ടെന്നും പരിസരത്തു താമസിക്കുന്ന പ്രതി വിനോദിനെ കുറിച്ച് സംശയം പറയുകയും ചെയ്തിരുന്നു.
നാട്ടിൽ ഇത്തരത്തിൽ മോഷണം നടത്തി ഭക്ഷണമാക്കുന്ന ശീലമുള്ളതു മൂലം വിനോദിനെ നാട്ടുകാർക്കിടയിൽ മരപ്പട്ടി വിനോദ് എന്നാണ് അറിയപ്പെടുന്നതെന്ന് അയൽവാസികൾ പറഞ്ഞു.
സംശയം തോന്നിയ വിനോദിനെ ശാസ്ത്രീയമായി പോലീസ് ചോദ്യം ചെയ്തതിൽ താനാണ് രണ്ടു ആടുകളേയും മോഷ്ടിച്ചതെന്ന് പ്രതി സമ്മതിച്ചു.
സംഭവദിവസം രാത്രി പന്ത്രണ്ടോടെ ഫാമിൽ അതിക്രമിച്ചു കയറി രണ്ട് ആടുകളെ മോഷ്ടിച്ചതിൽ ചെറിയ ആടിനെ സമീപത്തുള്ള പറന്പിൽ ഉപേക്ഷിക്കുകയും വലിയ ആടിനെ പ്രതിയുടെ വീടിന്റെ പിറകിലെ മുറിയിൽ വച്ച് രാത്രിതന്നെ കഴുത്തറുത്ത് മാംസമെടുത്ത് ശീതീകരിച്ച് സൂക്ഷിച്ച് പല ദിവസങ്ങളിലായി ഭക്ഷിക്കുകയുമായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു.
ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. ആടിന്റെ തലയും മറ്റ് അവശിഷ്ടങ്ങളും പ്രതിയുടെ വീടിനു സമീപമുള്ള റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറിൽ ഉപേക്ഷിച്ചിരുന്നത് പോലീസ് കണ്ടെടുക്കുകയും മൃഗഡോക്ടർ സുനിൽ പരിശോധന നടത്തുകയും ചെയ്തു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ എസ്.കെ.പ്രിയൻ, സി.കെ.സുരേഷ്, എം.എസ്. പ്രദീപ്, എഎസ്ഐ മുരുകേഷ് കടവത്ത്, സീനിയർ സിപിഒമാരായ വി.ആർ.രഞ്ജിത്ത്, എം.സി.രാജീവ്, ഹോം ഗാർഡ് ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.