ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ജയിലിൽ അടയ്ക്കുകയും ജാമ്യം ലഭിക്കാതെ കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത ഫാ.സ്റ്റാൻ സ്വാമിയെ കേസിൽ കുടുക്കിയതാണെന്ന ആരോപണത്തിനു ബലമേറുന്നു.
കേസിന് ആസ്പദമായ രേഖകൾ തന്റെ ലാപ്ടോപ്പിൽ മാൽവെയർ ഉപയോഗിച്ചു തിരുകിക്കയറ്റിയതാണെന്നു സ്വാമി അന്നു തന്നെ പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിദേശ ഫോറൻസിക് ലാബിന്റെ അന്വേഷണ റിപ്പോർട്ടും പിന്നീട് പുറത്തുവന്നിരുന്നു.
ലാപ്ടോപ്പിൽ കണ്ട ഒരു ഇ -മെയിലിന്റെ പേരിലായിരുന്നു പാർക്കിൻസൺ രോഗമുള്ള എൺപത്തിനാലുകാരനായ വയോധികനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്.
എൽഗർ പരിഷത്ത് – മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിലരുമായി സ്റ്റാൻ സ്വാമിക്കു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
ഖനി ലോബികളുടെ ചൂഷണങ്ങൾക്കെതിരേ നിലപാട് സ്വീകരിച്ചും അനധികൃതമായി കേസിൽ കുടുക്കി ജയിൽ അടച്ച യുവാക്കൾക്കു വേണ്ടി കേസു നടത്തിയും സ്റ്റാൻ സ്വാമി നേരത്തെതന്നെ അധികാരികളുടെ കണ്ണിലെ കരടായി മാറിയിരുന്നു.
പെഗസസ് കുടുക്ക്
ഇസ്രയേലി ചാര സോഫ്റ്റ് വെയർ ആയ പെഗസസ് വഴി നിരവധി പേരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന വിവാദം ഉയർന്നതിനു പിന്നാലെയാണ് എൽഗർ പരിഷത് കേസിൽ പ്രതി ചേർക്കപ്പെട്ടവരെ കുടുക്കിയതും പെഗാസസ് വഴിയാണെന്ന ആരോപണം ശക്തമായിരിക്കുന്നത്.
പെഗസസ് വഴി ചോർത്തുക മാത്രമല്ല കേസിൽ പെടുത്താൻ ഉദ്ദേശിക്കുന്നവരെ കംപ്യൂട്ടറിലേക്കും മറ്റും രേഖകൾ നിക്ഷേപിക്കാനും കഴിയുമെന്നാണ് വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
കൊല്ലത്ത് ഒരു റിസോർട്ടിലെത്തിയ സമയത്തായിരുന്നു ഇവരെ കുടുക്കിയതെന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറായ ഹാനി ബാബുവും ഡൽഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറായ ഭാര്യ ജെന്നി റൊവേനയും ഒഴിവുകാലം ആസ്വദിക്കാനാണു കൊല്ലത്തെ റിസോർട്ടിലെത്തിയത്.
ജെന്നിയുടെ കുട്ടിക്കാലം കൊല്ലത്തായിരുന്നു ചെലവിട്ടത്. ഡൽഹിയിൽ ഇവരുടെ സുഹൃത്തായിരുന്ന റോണ വിൽസണെ കൊല്ലത്തുവച്ചു ഹാനിബാബുവും ജെന്നിയും കണ്ടുമുട്ടി.
കൊല്ലം സ്വദേശിയാണു റോണ വിൽസണ്. മൂവരും റിസോർട്ടിൽ ചെലവിട്ടു. രാഷ്ട്രീയം മുതൽ വിവിധ വിഷയങ്ങൾ തങ്ങൾ ചർച്ച ചെയ്തുവെന്നു ജെന്നി പറഞ്ഞു.
ഈ സമയത്താണു ഹാനി ബാബുവിന്റെയും റോണ വിൽസന്റെയും ഫോണ് ചോർത്തിയത്. ഒരു വർഷത്തിനകം റോണ വിൽസണ് എൽഗർ പരിഷത് മാവോയിസ്റ്റ് ബന്ധ കേസിൽ അറസ്റ്റിലായി.
അന്നു മുതൽ അദ്ദേഹം കസ്റ്റഡിയിലാണ്. 2020 ജൂലൈ 28നു ഹാനിബാബുവിനെ അറസ്റ്റ് ചെയ്തു. ഫാ. സ്റ്റാൻ സ്വാമി, കവി വരവര റാവു എന്നിവർ ഉൾപ്പെടെ 16 പേരാണ് കേസിൽ അറസ്റ്റിലായത്.
മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാ. സ്റ്റാൻ സ്വാമി(84) ജൂലൈ അഞ്ചിന് അന്തരിച്ചു. കവി വരവരറാവുവിനു മാത്രമാണു ജാമ്യം കിട്ടിയത്.