പാലക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പണിതുടങ്ങിയ എസ്കലേറ്റർ പദ്ധതി പാതിവഴിയിൽ. ശകുന്തള ജംഗ്ഷനിൽ എല്ലാവർക്കും ഗുണകരമാകും എന്നു കരുതിയ പദ്ധതിയാണ് നിലച്ചത്.കരാറെടുത്ത തുകയിൽ പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പണി നിന്നുപോയെന്നാണ് നാട്ടിലെ സംസാരം.
എന്നാൽ പുതിയ ടെണ്ടർ വിളിച്ച് നൽകാൻ ഉതകുന്ന ബജറ്റില്ലെന്നും നഗരസഭാ വൃത്തങ്ങൾ പറയുന്നു.നഗരത്തിന്റെ പ്രധാന സെന്ററാണ് ശകൂന്തള ജംഗ്ഷൻ. ഇവിടെ നിന്ന് ജി.ബി. റോഡ്, വലിയങ്ങാടി, ടൗണ്‍ ബസ്റ്റാന്റ് എന്നിവടങ്ങളിലേക്ക് പോകാം.
പ്രധാന കച്ചവട സ്ഥാപനങ്ങളൊക്കെ പ്രവർത്തിക്കുന്നത് ഈ റോഡുകളിലാണ്.അതുകൊണ്ടുതന്നെ കൂടുതൽ വാഹനജനസഞ്ചാരങ്ങളും ഈ വഴിയിലാണ്. മുൻ സിപ്പൽ ബസ്റ്റാന്റും ഈ ജംഗ്ഷനിൽ നിന്നും ഏകദേശം അഞ്ഞൂറു മീറ്റർ അകലെയാണ്.
ടൗണ്‍ ബസ്റ്റാന്റിൽ നിന്നുള്ള ബസുകൾ ശകുന്തള ജംഗ്ഷൻ വഴിയായിരുന്നു മുൻസിപ്പൽ ബസ്റ്റാന്റിലേക്കു പോയിരുന്നത്.
ഇവിടത്തെ റെയിൽവേ ക്രോസിൽ ഗെയ്റ്റ് അടച്ചിടുന്നത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.ഇവിടെ നിന്നും ഉടലെടുത്ത മേൽപ്പാലം ആശയം പിന്നീട് വെറ്റിനറി ആശുപത്രി നരികുത്തി ഭാഗത്തേേക്കു മാറി.
ഇതിനിടെ ശകുന്തള ജംഗ്ഷൻ റെയിൽവേേ ഗേറ്റ് പൂർണമായി അടച്ചതോടെ ഇതിടെ ഗതാഗതവും പൂർണമായി നിലച്ചു. യാത്രാദുരിതം കൂടിയതിനൊപ്പം ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തെ ബാധിച്ചു.പരാതികളും പരിഭവങ്ങളും ശക്തമായപ്പോൾ എസ്കലേറ്റർ എന്ന ആശയം ഉയർന്നു വരികയും പണി തുടങ്ങുകയും ചെയ്തു. പക്ഷെ. പണിയിപ്പോൾ പാതി വഴിയിൽ നിന്നിരിക്കയാണ്.
ചിലർ നടത്തിയ കത്തിടപാടുകളിൽ പണിയുടെ ചുമതല റെയിൽവേ ഏറ്റെടുക്കുമെന്നും അതിന്റെ നടപടികൾക്കായി കാത്തിരിക്കയാണെന്നും വിവരമുണ്ട്.