തൊടുപുഴ: കള്ളിൽ കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകൾ ചേർത്ത് വിൽപ്പന നടത്തിയ സംഭവത്തിൽ തൊടുപുഴ റേഞ്ചിന് കീഴിലുള്ള 25 ഷാപ്പുകൾക്കെതിരേ എക്സൈസ് വകുപ്പ് കേസെടുത്തു.
ഷാപ്പ് ലൈസൻസി, മാനേജർ എന്നിവരെ പ്രതി ചേർത്താണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
2020 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി വിവിധ ഷാപ്പുകളിൽനിന്നും ശേഖരിച്ച കള്ളിന്റെ സാന്പിളുകളുടെ പരിശോധനാഫലം വന്നപ്പോഴാണ് കന്നാബിനോയ്ഡ് എന്ന രാസവസ്തുവിന്റെ അംശം കണ്ടെത്തിയത്.
കാക്കനാട്ടെ കെമിക്കൽ ലാബിൽ നിന്ന് ഇന്നലെ രാവിലെയാണ് പരിശോധനാഫലം വന്നതെന്നും പിന്നാലെ തന്നെ ഷാപ്പുകൾക്കെതിരേ കേസെടുക്കുവാൻ തുടങ്ങിയതായും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. സലിം പറഞ്ഞു.
പാലക്കാട് നിന്ന് ഇവിടെ വിൽപ്പനക്കായി കൊണ്ടുവന്ന കള്ളിൽ ആണ് ഇത്തരത്തിലുള്ള രാസപദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
വിഷയത്തിൽ ഓരോ ഷാപ്പുകൾക്കുമെതിരേ കേസെടുത്ത ശേഷം എഫ്ഐആർ കോടതിയിൽ സമർപ്പിക്കും.
മറ്റ് നടപടികൾക്കായി ഡെപ്യൂട്ടി കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറും. കമ്മീഷണറുടെ ഉത്തരവ് ലഭിച്ച ശേഷം ലൈസൻസ് റദ്ദാക്കി ഷാപ്പ് അടപ്പിക്കുന്നതടക്കമുള്ള നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചാവിന് ലഹരികൊടുക്കുന്നത് ടെട്രാഹൈഡ്രോ കനാബിനോൾ എന്ന രാസവസ്തുവാണ്.
ഇതിനെ കന്നാബിഡിയോൾ അല്ലെങ്കിൽ കന്നാബിനോയ്ഡ് എന്നാണ് പറയുന്നത്.
കഞ്ചാവ് ഇലയുടെ നീര് കലർത്തുകയോ ഇവ കിഴികെട്ടി ഇടുകയോ ഹാഷിഷ് ഓയിൽ ഉപയോഗിച്ചോ ആണ് ഇവ കള്ളിൽ ചേർക്കുക.
സമാനമായി കോതമംഗലത്തെ 20ൽ അധികം ഷാപ്പുകളിലും ഇത്തരത്തിൽ രാസവസ്തു ചേർത്ത കള്ള് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട് നിന്നാകാം കള്ളിൽ ലഹരി വസ്തു ചേർത്തെന്നാണ് സൂചന.
ജില്ലയിൽ ഇതിന് മുന്പും കള്ളിന് വീര്യംകൂട്ടുന്നതിനായി രാസവസ്തുക്കൾ ചേർത്തുള്ള വിൽപ്പന വ്യാപകമായി നടന്നിട്ടുണ്ട്.
ലൈസൻസിക്കെതിരേ നടപടി വരുന്പോൾ ബിനാമികളെ ഉപയോഗിച്ച് വീണ്ടും ഷാപ്പ് ലേലത്തിൽ പിടികൂടി നടത്തുകയാണ് ഇവരുടെ പതിവ്.