സ്വന്തം ലേഖകൻ
തൃശൂർ: പണം കൊടുത്ത് സ്കൂൾ ബസിലും വാനിലും പോകുന്നവർക്ക് സാമൂഹിക അകലം. പാവപ്പെട്ട കൂട്ടികൾക്ക് ബസുകളിൽ തിങ്ങിക്കൂടി സ്കൂളിലെത്തേണ്ട ഗതികേട്. സർക്കാർ സ്കൂളുകളിലും നഗരത്തിലെ സ്കൂളുകളിലുമൊക്കെ ആയിരക്കണക്കിന് വിദ്യാർഥികളാണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്.
ഈ ബസുകളിൽ ഒന്നിലും സാമൂഹിക അകലം പാലിച്ചല്ല ആളുകൾ യാത്ര ചെയ്യുന്നത്. സീറ്റിൽ സാമൂഹിക അകലം പാലിച്ചിരിക്കണമെന്നൊക്കെയാണ് നിർദ്ദേശമെങ്കിലും അങ്ങനെ സർവീസ് നടത്തിയാൽ വൻ നഷ്ടമാണെന്ന നിലപാടെടുത്തതോടെ കഐസ്ആർടിസി ബസുകളിലടക്കം ആളുകൾ തിങ്ങി കൂടിയാണ് യാത്ര ചെയ്യുന്നത്.
ഇനി സ്കൂളുകളും കൂടി തുറക്കുന്നതോടെ ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടും. ഇതോടെ പഴയപോലെ തിക്കിതിരക്കി മാത്രമേ കുട്ടികൾക്കടക്കം സ്കൂളുകളിൽ എത്താനാകൂ.
പകുതി കുട്ടികൾ മാത്രമാണ് സ്കൂളുകളിൽ വരുന്നതെന്നാണ് ന്യായം പറയുന്നതെങ്കിലും എല്ലാ സ്കൂളുകളിലെ കുട്ടികളെയും കണക്കിലെടുക്കുന്പോൾ ബസുകൾ നിറയുമെന്നതിൽ സംശയമില്ലെന്ന് അധ്യാപകർ പറഞ്ഞു.
ഇങ്ങനെ വരുന്ന കുട്ടികൾ ക്ലാസ് റൂമുകളിൽ മാത്രം സാമൂഹിക അകലം പാലിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലത്രേ. ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകുന്പോഴും തിക്കിതിരക്കി വേണം ബസുകളിൽ യാത്ര ചെയ്യാൻ.
സ്കൂളുകളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു കുട്ടിയെന്ന നിബന്ധന പാലിച്ച് കുട്ടികളെ കൊണ്ടുപോയാൽ വൻ നഷ്ടമാണെന്ന് ഡ്രൈവർമാർ പറയുന്നു. നേരത്തെ ഒരു ടെന്പോ ട്രാവലറിൽ മുപ്പതിലധികം കുട്ടികളുമായാണ് യാത്ര ചെയ്യുന്നത്.
ഇവരിൽ നിന്ന് മാസം കിട്ടുന്ന ഫീസാണ് ഡ്രൈവർമാരുടെ ഏക വരുമാനം. എന്നാൽ ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രം ഇരുത്തി കൊണ്ടുപോയാൽ 12 പേരെ മാത്രമേ ടെന്പോ ്ട്രാവലറിൽ കൊണ്ടുപോകാൻ സാധിക്കൂ.
ഇങ്ങനെയാണെങ്കിൽ കുട്ടികളുടെ വാഹന ഫീസ് ഇരട്ടിയിലധികം വർധിപ്പിച്ചാൽ മാത്രമേ നഷ്ടമില്ലാതെ ഓടാനാകൂ. പക്ഷേ ഭൂരിപക്ഷം വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും ഇങ്ങനെ ഫീസ് വർധന അംഗീകരിക്കാൻ കഴിയില്ല.
സ്കൂൾ തുറക്കുന്പോൾ സർക്കാർ സ്കൂളുകളിൽ സ്കൂൾ ബസ് ഇല്ലാത്തവരെ എത്തിക്കാൻ സർക്കാർ തന്നെ സൗകര്യം ഉണ്ടാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

