മൂന്നാംമുറ ഉപയോഗിക്കരുത്; സ്‌റ്റേഷനിലെത്തുന്നവരുടെ നിസഹായാവസ്ഥയ്ക്ക് പരിഹാരം കാണണം; പോലീസിന്റെ ഓരോ വീഴ്ചയും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി

Pinarayiരാമവര്‍മപുരം: പോലീസിന്റെ ഭാഗത്തുനിന്ന് സംഭവിക്കുന്ന ഓരോ വീഴ്ചയും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം വാട്‌സ്ആപ്പില്‍ ലഭിച്ച ഒരു ഫോട്ടോ പോലീസിന്റെ ഗുരുതരമായ വീഴ്ച വ്യക്തമാക്കുന്ന ചിത്രമായിരുന്നുവെന്നും പിണറായി പറഞ്ഞു. അഴിമതിക്ക് വശംവദരാകുന്നതിന്റെയും അക്രമാസക്തരാകുന്നതിന്റെയും പ്രവണത ചില പോലീസുകാരില്‍ കാണുന്നുണ്ട്. ഇത് നമ്മുടെ പോലീസിന് ഭൂഷണമല്ലെന്നും പിണറായി തുറന്നടിച്ചു.

പോലീസിന്റെ ഭാഗത്തുനിന്നുള്ള ഒരു വീഴ്ച മൊത്തം പോലീസ് സേനക്കും സര്‍ക്കാരിനും ദോഷമാകുന്നു. ശാസ്ത്രീയമായി ലഭിച്ച പരിശീലനം ഉപയോഗപ്പെടുത്താന്‍ പോലീസിന് കഴിയണം. മൂന്നാംമുറ അടക്കമുള്ള പ്രാകൃതമായ രീതികള്‍ കേസ് തെളിയിക്കാനായി ഉപയോഗിക്കാന്‍ പാടില്ലെന്നും ശാസ്ത്രീയരീതികള്‍ ഉപയോഗിച്ച് കേസുകള്‍ ബുദ്ധിപൂര്‍വം തെളിയിക്കാന്‍ കേരള പോലീസിന് കഴിയണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. മനുഷ്യത്വും കാര്യക്ഷമതയുമാണ് പോലീസിന്റെ മുഖമുദ്രയെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രി പെരുമാറുന്നതിന് മുമ്പ് ഓരോ പോലീസുകാരനും ഗൗരവമായി ചിന്തിക്കണമെന്നും  നിര്‍ദ്ദേശിച്ചു. നിസ്സഹായവസ്ഥയിലാണ് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും സ്റ്റേഷനിലെത്തുന്നത്. അവര്‍ അത്തരത്തില്‍ പോലീസിനെ സമീപിക്കുമ്പോള്‍ അവരുടെ ആ നിസ്സഹായവസ്ഥ പരിഹരിക്കാന്‍ ബാധ്യസ്ഥരാണ് പോലീസുകാരെന്ന് മറക്കരുതെന്നും പിണറായി പറഞ്ഞു.

രാമവര്‍മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ 517 റിക്രൂട്ട് പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസിത രാജ്യങ്ങളിലെ കണക്കുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ജനസംഖ്യാനുപാതികമായി പോലീസ് സേനയുടെ അംഗസംഖ്യ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ജനാധിപത്യസമൂഹത്തിന് ഇണങ്ങുന്ന തരത്തിലുള്ള പോലീസ് സേനക്ക് മാറാന്‍ കഴിയണമെന്നും പിണറായി പറഞ്ഞു.

പോലീസ് നവീകരണത്തിന് മുന്‍ഗണന നല്‍കും. പോലീസ് സേനയില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടത്തും. പല പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക ശേഷി തടസമായി നില്‍ക്കുന്നുണ്ട്. എന്നാല്‍ പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസമല്ലെന്നും 1598 പേരാണ് പുതുതായി ഈ ദിവസങ്ങളില്‍ സേനയില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാമവര്‍മപുരം കേരള പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ കേരള ആംഡ് പോലീസ് ഒന്ന്, രണ്ട്, അഞ്ച്  ബറ്റാലിയനുകളില്‍ നിന്നുളള സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ രാവിലെ 7.30ന് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍  ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപി നിഥിന്‍ അഗ്രവാള്‍, ഐജിപി (ട്രെയിനിംഗ്) മഹിപാല്‍ യാദവ്, ഡിഐജി (ട്രെയിനിംഗ്) പി.വിജയന്‍, കമാണ്ടന്റ് വില്‍സണ്‍, എഡിജിപി ബി. സന്ധ്യ, ഐജി അജിത്കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ്, റൂറല്‍ എസ് ആര്‍.നിശാന്തിനി മന്ത്രി വി.എസ്.സുനില്‍കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, മേയര്‍ അജിത ജയരാജന്‍, കൗണ്‍സിലര്‍ വി.കെ. സുരേഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

517 സേനാംഗങ്ങളില്‍ 58 പേര്‍ ബിരുദാനന്തബിരുദധാരികളും 176 പേര്‍ ബിരുദധാരികളും അതില്‍ പ്ത്തുപേര്‍ എന്‍ജിനീയറിംഗ് ബിരുദധാരികളും രണ്ടുപേര്‍ എല്‍എല്‍ബി ബിരുദധാരികളുമാണ്. ബെസ്റ്റ് ഇന്‍ഡോറുകളായി ടി.ആര്‍.രാഹുല്‍, പി.ബി.ശ്രീകുമാര്‍, ജെ.ബിനു എന്നിവരേയും ബെസ്റ്റ് ഷൂട്ടര്‍മാരായി കെ.എസ്.സുജിത്, ജെ.ബിനു, പി.ബി.ശ്രീകുമാര്‍ എന്നിവരേയും ബെസ്റ്റ് ഔട്ട്‌ഡോറുകളായി മുഹമ്മദ് ഷാഫി, പി.പി.അനീഷ്, വിഷ്ണു വേണുഗോപാല്‍ എന്നിവരേയും ബെസ്റ്റ് ഔള്‍റൗണ്ടര്‍മാരായി പി.രമേഷ്, ഹരിപ്രസാദ്, ടി.ആര്‍. രാഹുല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Related posts