ഓപ്പറേഷന്‍ അനന്ത; ഒറ്റപ്പാലം നഗരത്തില്‍കടയുടമകള്‍ പൊളിച്ചുനീക്കല്‍ തുടങ്ങി

pkd-kadapolikkalഒറ്റപ്പാലം: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഒറ്റപ്പാലം നഗരത്തില്‍ കടയുടമകള്‍ പൊളിച്ചുനീക്കല്‍ തുടങ്ങി. സബ്കളക്ടറുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് കെട്ടിടം ഉടമകള്‍ കടകള്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയത്. ആദ്യഘട്ടമായി മേലെ പെട്രോള്‍ പമ്പിന് സമീപത്തെ ഓടിട്ട കെട്ടിടം പൊളിച്ചുനീക്കിനടപടികള്‍ക്കു തുടക്കം കുറിച്ചു.ഇവിടെ 65 മീറ്ററിലായി നീ്ണ്ടുകിടക്കുന്ന ഭാഗങ്ങളിലെ 33 കടകളിലായി 22 വ്യാപാരസ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന അഞ്ചു കെട്ടിടങ്ങളാണ് പൊളിക്കുന്നത്. പൊളിച്ചുനീക്കല്‍ ഇവിടെ ഉടനേ പൂര്‍ത്തിയാകും. കണ്ടീഷണല്‍ പട്ടയങ്ങള്‍ ഉള്‍പ്പെടുന്ന ഭൂമിക്കു പുറമേ പിറകിലേക്ക് രണ്ടുമീറ്റര്‍ ഭൂമി അധികം വിട്ടുനില്ക്കുന്നതിനും കെട്ടിടം ഉടമകള്‍ തയാറായിട്ടുണ്ട്.

പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനും തീരുമാനമായി. അതേസമയം ഹൈക്കോടതിയില്‍നിന്നും കെട്ടിടം പൊളിച്ചുമാറ്റാതിരിക്കാന്‍ സ്റ്റേ വാങ്ങിയ കച്ചവടക്കാരില്‍ ചിലരും കെട്ടിടം പൊളിക്കുന്നതിനു അനുകൂലമായി രംഗത്തുണ്ട്. നേരത്തെ റവന്യൂ നടപടികളില്‍നിന്നും താത്കാലികമായി രക്ഷപ്പെടുന്നതിനു ഹൈക്കോടതിയില്‍നിന്നും സ്‌റ്റേ വാങ്ങിയ പത്തുപേരില്‍ രണ്ടുപേരാണ് സ്വമേധയ കെട്ടിടം പൊളിച്ചു മാറ്റാന്‍ സന്നദ്ധത അറിയിച്ചത്.

ബസ് സ്റ്റാന്‍ഡിനു സമീപത്തെ രണ്ടു കെട്ടിടങ്ങളുടെ ഉടമകളാണ് സബ് കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥലം ഒഴിയുന്നതിന് സന്നദ്ധരായത്. സ്റ്റേ വാങ്ങിയ മറ്റു കടയുമകളുമായും ചര്‍ച്ചകള്‍ നടന്നുവരികയാണ്. തഹസീല്‍ദാരുമായി നടന്ന വാദം കേള്‍ക്കലില്‍ പത്തുപേരാണ് റവന്യൂ നടപടികളെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍നിന്നും സ്‌റ്റേയുമായി എത്തിയത്. സ്‌റ്റേ വാങ്ങിയവര്‍ തുടര്‍ചര്‍ച്ചകളില്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്ക്കുന്നപക്ഷം റവന്യൂവകുപ്പിനു സ്റ്റേ ഒഴിവാക്കുന്നതിനു ഹൈക്കോടതിയെ സമീപിക്കേണ്ടിവരും.

ഓപ്പറേഷന്‍ അനന്തയുമായി മുന്നോട്ടുപോകാനാണ് റവന്യൂവകുപ്പിന്റെ തീരുമാനം. ചില കച്ചവടക്കാരൊഴിച്ച് ഒറ്റപ്പാലത്തിന്റെ മൊത്തം പിന്തുണയും ഇക്കാര്യത്തില്‍ സബ്കളക്ടര്‍ക്കുണ്ട്. ഗതാഗതക്കുരുക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന ഒറ്റപ്പാലം നഗരത്തിന്റെ ശനിദശ മാറാന്‍ ഓപ്പറേഷന്‍ അനന്ത പര്യാപ്തമാകും. കൂടാതെ നഗരത്തിന്റെ കിഴക്ക്- പടിഞ്ഞാറ് ദിശകളിലായി നില്ക്കുന്ന പാലങ്ങള്‍ വീതികൂട്ടി പുതിയ പാലങ്ങള്‍ നിര്‍മിക്കുന്നതിനും തീരുമാനമുണ്ട്. ബൈപാസ് പദ്ധതി കൂടി പ്രാബല്യത്തില്‍ വരുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന കാര്യം ഉറപ്പാണ്.

Related posts