കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കണ്ണൂര്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഷംന ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പെണ്‍കുട്ടിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തവരുന്നതി”നായി തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ ലാബിലെ റിപ്പോട്ടുകള്‍ കൂടി കാത്തിരിക്കുകയാണ് പോലീസ്. ഇതിനു ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 18 ന് കടുത്ത പനിയെതുടര്‍ന്നു ചികിത്സ തേടിയ ഷംന മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടയുകയായിരുന്നു.
മരണം പനിയെ തുടര്‍ന്നല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമുള്ള കണെ്ടത്തല്‍ ഷംനയുടെ പിതാവിന്റെ പരാതിക്ക് ബലം പകര്‍ന്നിരിക്കുകയാണ്. മകളുടെ മരണം ചികിത്സയ്ക്കിടെയുള്ള പിഴവാണെന്നാണ് പിതാവ് കളമശേരി സിഐക്കു നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം 18നാണ് കണ്ണൂര്‍ ശിവപുരം ഐഷാ മന്‍സിലില്‍ അബൂട്ടിയുടെ മകള്‍ ഷംന തസ്നിം എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ നാലാം നിലയിലെ വാര്‍ഡില്‍വച്ച് അവശനിലയിലാവുകയും പിന്നീട് മരണമടയുകയും ചെയ്തത്. കുത്തിവയ്പിനെതുടര്ന്ന് ഹൃദയാഘാതം സംഭവിച്ചെന്നും മരണത്തില്‍ കലാശിച്ചെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്.
സിഫ്ട്രിയാക്സോണ്‍ ഇഞ്ചക്ഷന് എടുത്തെന്നും ഉടന്‍ ഹൃദയാഘാതം ഉണ്ടായെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മരണത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത വരാനായി തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലാബിലെ മൂന്ന് റിസള്‍ട്ടുകള്‍ കൂടി വരേണ്ടതുണെ്ടന്ന് അറിയുന്നു. തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലാബിലാണ് പത്തോളജി, വൈറോളജി, ടിഷ്യു വിഭാഗങ്ങളിലായി മൂന്നു തരം ലാബ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ ഈ റിപ്പോര്‍ട്ടും ലഭ്യമാകും.
അതേസമയം ഷംനയുടെ മാതാപിതാക്കള്‍ ഇന്നലെ ഉച്ചയോടെ മകള്‍ പഠിച്ച മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ വികാരഭരിതമായ രംഗങ്ങള്‍ അരങ്ങേറി. മകളുടെ സര്‍ട്ടിഫിക്കറ്റുകളും കോഷന്‍ ഡിപ്പോസിറ്റും പ്രിന്‍സിപ്പലില്‍ നിന്നേറ്റുവാങ്ങിയത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. കാബിനില്‍ ഷംനയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍നിന്ന് മാതാപിതാക്കളും ബന്ധുക്കളും നിശബ്ദമായി വിശദീകരണവും കേട്ടു. മെഡിക്കല്‍ കോളജില്‍ വരുന്നതിനു മുമ്പും പിമ്പും കളമശേരി സിഐ ഓഫീസില്‍ പോയശേഷമാണ് ഇവര്‍ കണ്ണൂരിലേക്ക് മടങ്ങിയത്.