ആലുവ: പുതുവത്സരാഘോഷങ്ങൾക്കായി എംഡിഎംഎ ലഹരിമരുന്ന് ഡൽഹിയിൽനിന്നും ട്രെയിൻ മാർഗം ആലുവയിലെത്തിച്ച സംഘത്തിലെ പ്രധാനി ഹാമർ ത്രോ ദേശീയ മെഡൽ ജേതാവ്.
കൊടകരയിലെ സ്വകാര്യ കോളജിൽ പഠിക്കുമ്പോൾ കായിക താരമായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി രാഹുൽ സുഭാഷും കൂട്ടാളി സൈനുലാബുദീനുമാണ് ഇന്നലെ എക്സൈസ് ഇന്റലിജൻസിന്റെ പിടിയിലായത്.
എംഡിഎംഎ എന്ന മാരക ലഹരിമരുന്ന് പാനിപ്പൂരി, ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളിലാക്കി കടത്തിക്കൊണ്ടു വരികയായിരുന്നു.
ആലുവ റെയിൽവേ സ്റ്റേഷനിലായിരുന്ന സംഭവം. തൃശൂർ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാറിനും സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തത്തുടർന്നായിരുന്നു റെയിൽവേ സ്റ്റേഷനിലെ പരിശോധന.
മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനിൽ ഡൽഹിയിൽനിന്നു കൊണ്ടുവരികയായിരുന്നു ലഹരി മരുന്ന്. പുതുവൽസര ആഘോഷം മുന്നിൽക്കണ്ട് കൊണ്ടുവന്നതാണ് രാസ ലഹരിവസ്തുവെന്നു പ്രതികൾ എക്സൈസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ള രാഹുൽ സുഭാഷ് ലഹരി മാഫിയയിലെ കണ്ണിയാണ്. ഡൽഹിയിൽ കായിക പരിശീലനത്തിനെത്തിയ രാഹുലും കൂട്ടാളിയും മടക്കയാത്രയിൽ ലഹരിക്കടത്തിന് പദ്ധതിയിടുകയായിരുന്നു.
എന്നാൽ ഈ വിവരം എക്സൈസിന് ചോർന്നു കിട്ടുകയും ഇവരെ ട്രെയിനിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരിൽനിന്നു ക്രിസ്റ്റൽ രൂപത്തിലുള്ള മൂന്നേകാൽ കിലോഗ്രാം വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. അതിവിദഗ്ധമായിട്ടാണ് സംഘം ഇത് കടത്തിയത്.
കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നാണ് ഇതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ കെ.കെ. അനിൽകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
ലഹരി മാഫിയയുമായുള്ള കൂടുതൽ ബന്ധങ്ങൾ പരിശോധിക്കാൻ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും അദേഹം അറിയിച്ചു.