പോലീസുകാര്‍ക്കെന്താ കൊമ്പുണ്ടോ…? പന്തളത്ത് വിലക്കുള്ള റോഡിലൂടെ പോലീസുകാരന്റെ സ്വകാര്യ ബസിന് സഞ്ചാരാനുമതി; പ്രത്യേകാനുമതി തങ്ങള്‍ക്കുണ്ടെന്ന് ബസ് ജീവനക്കാര്‍

Busപന്തളം: കുറുന്തോട്ടയം പാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി വലിയ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ റോഡിലൂടെ പോലീസുകാരന്റെ ബിനാമി ഉടമസ്ഥതയിലുളള സ്വകാര്യ ബസിന് സഞ്ചാരാനുമതി. തെങ്ങമം-പന്തളം-കോഴഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിനാണ് വലിയ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മുട്ടാര്‍-മണികണ്ഠനാല്‍ത്തറ റോഡിലൂടെ സര്‍വീസ് നടത്താന്‍ പോലീസ് അനുമതി നല്കിയത്. ഈ റോഡിലൂടെ സര്‍വീസ് നടത്തുന്നതിനെ നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും പ്രത്യേകാനുമതി തങ്ങള്‍ക്കുണ്ടെന്നാണ് ബസ് ജീവനക്കാര്‍ മറുപടി നല്കിയതെന്ന് പറയുന്നു.

കുറുന്തോട്ടയം പാലം കടന്ന് കുളനട റൂട്ടില്‍ പോകേണ്ട എല്ലാ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളും പന്തളം-തുമ്പമണ്‍ വഴി കുളനടയിലെത്തണമെന്നായിരുന്നു ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെ തീരുമാനം. 13 കിലോമീറ്റര്‍ അധികയാത്ര വേണ്ടി വന്നതിനാല്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ നിരക്കും വര്‍ധിപ്പിച്ചിരുന്നു. ഉന്നതതലത്തിലുള്ള നിര്‍ദേശം പാലിച്ച് കെഎസ്ആര്‍ടിസിയുടെ ഉള്‍പ്പടെ എല്ലാ ബസുകളും സര്‍വീസ് നടത്തുമ്പോള്‍ ഈ ഒരു ബസ് മാത്രമാണ് ഇത് ലംഘിക്കുന്നതെന്നാണ് ആരോപണം. പന്തളം പോലീസ് സ്റ്റേഷനില്‍ അടുത്ത കാലത്ത് നിയമിതനായ ഒരു ഉദ്യോഗസ്ഥന്റെ  ബിനാമി ഉടമസ്ഥതയിലുള്ള ബസാണ് ഇത്തരത്തില്‍ നിയമം ലംഘിക്കുന്നതെന്നാണ് ആരോപണം.

Related posts