ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ ആര്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് വോള്‍ട്ടിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദിപ കര്‍മാകര്‍ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിന്റെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് സച്ചിന് അഭിനന്ദനം അറിയിച്ചത്. വിജയവും പരാജയവും കായിക മത്സരങ്ങളുടെ ഭാഗമാണ്. കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തില്‍ ദിപ വിജയിച്ചു കഴിഞ്ഞു. ദിപയുടെ പ്രകടനത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായും സച്ചിന് ട്വീറ്റ് ചെയ്തു.
വോള്‍ട്ട് വനിതാ വിഭാഗം ഫൈനലില്‍ നാലാം സ്ഥാനമേ നേടാനായുള്ളൂ എങ്കിലും തല ഉയര്‍ത്തിപ്പിടിച്ചു തന്നെയാണു ദിപ റിയോയില്‍ നിന്നു മടങ്ങുന്നത്. ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് റിയോയില്‍ കണ്ടത്. ജിംനാസ്റ്റക്സിലെ ലോകോത്തര താരങ്ങളോട് പൊരുതി നേടിയ ഈ നാലാം സ്ഥാനത്തിന് ഒരു ഒളിമ്പിക് മെഡലിന്റെ തിളക്കമുണ്ട്.