ചിങ്ങവനം: മാലിന്യംകൊണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ക്ക് സ്വാശ്രയ സംഘം സ്ഥാപിച്ച സിസിടിവി കാമറ ഫലപ്രദമായെന്ന് നാട്ടുകാര്‍. അറവു ശാലകളിലെ മാലിന്യങ്ങളും, അടുക്കള മാലിന്യങ്ങളും കൊണ്ടുവന്നു തള്ളിയിരുന്ന പരുത്തുംപാറ കൊല്ലാട് റോഡില്‍ ഓട്ടക്കാഞ്ഞിരം ജംഗ്ഷനു സമീപമാണ് സ്ഥലത്തെ പുരുഷ സ്വാശ്രയ സംഘം സിസിടിവി കാമറ സ്ഥാപിച്ച് നാട്ടുകാരുടെ രക്ഷയ്ക്കെത്തിയത്. മൂക്ക് പൊത്താതെ കടന്നുപോകാന്‍ പറ്റാതിരുന്ന ഇവിടെ കാമറ സ്ഥാപിച്ചതോടെ മാലിന്യ നിക്ഷേപകര്‍ പിന്‍വലിഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഘത്തിലെ 16 അംഗങ്ങളുടെ നിക്ഷേപത്തില്‍ നിന്നും പണമെടുത്താണ് കാമറ സ്ഥാപിച്ചത്. കാടു പിടിച്ചു കിടന്ന വഴിയോരം വെട്ടി പലവിധ ചെടികളും നട്ടു. വാഹനങ്ങളിലും, കാല്‍നടയായും മാലിന്യവുമായി വന്നെറിയുന്നവര് കാമറകണ്ണിലെങ്ങാനും കുടുങ്ങിയാല്‍ മാലിന്യം ചീഞ്ഞു നാറുന്നതിലും വലിയ നാറ്റമേല്ക്കേണ്ടിവരുമെന്നാണ് നാട്ടുകാരുടെ കമന്റ്. പനച്ചിക്കാട് പഞ്ചായത്തിലും, ചിങ്ങവനം പോലീസിലും അറിയിച്ചതിന് ശേഷമാണ് സംഘം കാമറ സ്ഥാപിച്ചത്.
നാട്ടിന് പുറങ്ങളില്‍ ജനജീവിതം ദുസഹമാക്കുന്ന വിധത്തിലാണ് മാലിന്യ നിക്ഷേപം ഇവിടെ നടന്നിരുന്നത്. പലയിടങ്ങളിലും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന ബോര്‍ഡിന് ചുവട്ടിലും വീണ്ടും മാലിന്യം കുമിഞ്ഞു കൂടുകയായിരുന്നു. ഇതിനെതിരെ അധികൃതര്‍ മുഖം തിരിഞ്ഞു നില്‍ക്കുമ്പോഴാണ് സ്വാശ്രയ സംഘത്തിന്റെ ഫലപ്രദമായ നടപടി ശ്രദ്ധയാകര്‍ഷിക്കുന്നത്.