തൊടുപുഴ: വെങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ഇതിനായി കൃത്യമായ ആസൂത്രണയോടെയാണ് എത്തിയതെന്ന് പോലീസ്.
പ്രതിയെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തും. കുടുംബവഴക്കിനെ തുടർന്ന് തൊടുപുഴ വെങ്ങല്ലൂർ കളരിക്കുടിയിൽ ഹലീമ (54) യാണ് വെട്ടേറ്റു മരിച്ചത്.
സംഭവത്തിൽ സഹോദരീ ഭർത്താവ് മടക്കത്താനം കൊന്പനാപറന്പിൽ ഷംസുദ്ദീനെ (60) പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കൊലപാതകത്തിനു ശേഷം ഇയാൾ വാഴക്കുളം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
പിന്നീട് തൊടുപുഴ സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കരുതിക്കൂട്ടി നടത്തിയ കൊലയാണെന്ന് വ്യക്തമായത്.
കൊല നടത്താൻ ആയുധവുമായി എത്തിയ പ്രതി ഹലീമ രാത്രിയിൽ കിടക്കൻ പോകുന്ന സഹോദരിയുടെ വീടിനു സമീപം വഴിയിൽ കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു.
ഹലീമയോട് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലയ്ക്കു കാരണമായത്.
ഇന്നലെ രാത്രി ഏഴരയോടെ വെങ്ങല്ലൂർ ഗുരു ഐടിസിയ്ക്ക് സമീപമുള്ള റോഡിലായിരുന്നു സംഭവം.
വെങ്ങല്ലൂരിൽ ഹലീമ ഒറ്റക്കാണ് താമസം. ഇതിന് സമീപത്ത് ഹലീമ പുതുതായി നിർമിക്കുന്ന വീട്ടിൽ നിന്നും മറ്റൊരു സഹോദരിയുടെ വീട്ടിലേക്ക് രാത്രി കിടക്കാൻ വരും വഴിയാണ് വാക്കത്തിയുമായി ഷംസുദ്ദീൻ ആക്രമിച്ചത്.
തലയിലും ശരീരത്തും വെട്ടേറ്റ ഇവർ തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറി.
തുടർന്ന് പോലീസെത്തിയാണ് രക്തം വാർന്ന് കിടന്ന ഹലീമയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഷംസുദീനും ഭാര്യ ഹഫ്സയും തമ്മിൽ എട്ട് വർഷമായി അകന്നു കഴിയുകയായിരുന്നു.
അടുത്തിടെ ഭാര്യയെ തിരികെ വിളിക്കാൻ ഷംസുദീൻ എത്തിയപ്പോൾ ഹലീമ എതിർത്തു.
ഇതാണ് ആക്രമണത്തിന് കാരണമായത്. കൊല നടത്താൻ ഉപയോഗിച്ച വാക്കത്തി ഇന്നലെ പോലീസ് കണ്ടെടുത്തിരുന്നു.
തൊടുപുഴ സിഐ വി.സി.വിഷണുകുമാറിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ ഹലീമയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.