കോഴിക്കോട്: ഭീമമായ നഷ്ടത്തിലോടുന്ന പോലീസ് സഹകരണസംഘം 12 ലക്ഷം രൂപ ചിലവഴിച്ച് കോഴിക്കോട് സിറ്റിപോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന് യാത്രയയപ്പ് നല്കുന്നതില് പോലീസ് സേനയില്‍ അമര്‍ഷം പുകയുന്നു. നിലവില്‍ സഹകരണസംഘം പ്രസിഡന്റു കൂടിയാണ് എ.വി.ജോര്‍ജ്.
ഇന്ന് വൈകുന്നേരം 5.30ന് ആശീർവാദ് ലോൺസിലാണ് യാത്രയയപ്പ് . കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് പരിപാടികൾ നടത്തുന്നത്. സഹകരണസംഘം നഷ്ടത്തിലായതിനാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി അംഗങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഇതിനിടയിലാണ് ലക്ഷങ്ങള്‍ ചെലവിട്ടുള്ള പരിപാടിയെന്ന് പോലീസിലെ ഒരു വിഭാഗം പറയുന്നു.
പരിപാടി ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ്. ആദ്യമായിട്ടാണ് ലക്ഷങ്ങൾ ചെലവിട്ട് ആർഭാടമായി ഇത്തരത്തിലൊരു യാത്രയയപ്പ് നടത്തുന്നത്. ഇതിന്റെ ചെലവ് മുഴുവൻ വഹിക്കുന്നത് സഹകരണ സംഘത്തിന്റെ പണം ഉപയോഗിച്ചാണ്. ലക്ഷങ്ങൾ വകമാറ്റി ഇത്തരത്തിലൊരു യാത്രയയപ്പ് നടത്തുന്നതിൽ സിറ്റിയിലെ ഭൂരിഭാഗം പോലീസുകാർക്കും അതിയായ അമർഷമുണ്ട്.
സഹകരണ സംഘം രൂപീകൃതമായ അന്ന് തൊട്ട് സംഘത്തിന്റെ പ്രസിഡന്റ് കമ്മീഷണർമാർ ആയിരുന്നു.എ.വി.ജോർജ് വിരമിക്കുന്നതോടെഭരണഘടനയിൽ ഭേദഗതി വരുത്തി പ്രസിഡന്റിനെ നിയമിക്കുന്നതിനുള്ള അധികാരം ഭരണ സമിതിക്ക് തന്നെയാക്കാനുള്ള നീക്കം നടക്കുന്നതായിആരോപണം ഉയർന്ന് കഴിഞ്ഞു.യാത്രയയപ്പ് പരിപാടിക്ക് ശേഷം കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.വര്‍ഷങ്ങളായി സേനയിലെ വലത് അനുകൂല വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്ന സഹകരണ സംഘം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല വിഭാഗം പിടിച്ചെടുക്കുകയായിരുന്നു.