തൊടുപുഴ: ഹൈന്ദവ സഹോദരിയുടെ സംസ്കാര കർമങ്ങൾ നടത്താൻ ഇടം കിട്ടാതെ വലഞ്ഞ കുടുംബത്തിന് സഹായഹസ്തമേകി മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി.
അറക്കുളം ഗ്രാമപഞ്ചായത്തിലെ യുഡി ക്ലർക്ക് സൂരജിന്റെ അമ്മ ജയ(76)യുടെ സംസ്കാര കർമങ്ങൾ നടത്താനാണ് ഇടം കിട്ടാതിരുന്നത്.
ഹൃദയാഘാതത്തെത്തുടർന്നാണ് ജയ മരിച്ചത്. സൂരജും കുടുംബവും ആറു കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്ട്മെന്റിലായിരുന്നു താമസം.
ഇവിടെ മൃതദേഹം കിടത്തി സംസ്കാരത്തിനു മുന്പുള്ള കർമങ്ങൾ നടത്താൻ സൗകര്യം ഇല്ലായിരുന്നു.
ഇതോടെ ആകെ പ്രതിസന്ധിയിലായ കുടുംബത്തിന്റെ വിഷമം അപ്പാർട്ട്മെന്റിന്റെ ഉടമ വരിക്കമാക്കൽ ബേബിയാണ് മുട്ടം ശങ്കരപ്പള്ളി സിബിഗിരി പള്ളി വികാരി ഫാ. ജോൺ പാളിത്തോട്ടത്തെ അറിയിച്ചത്.
ഇതോടെ പള്ളിയുടെ പാരിഷ് ഹാൾ സൗജന്യമായി ഹൈന്ദവ കുടുംബത്തിനു വിട്ടുകൊടുക്കുകയായിരുന്നു. ജയയുടെ സംസ്കാരത്തിനു മുന്നോടിയായുള്ള കർമങ്ങൾ പാരീഷ് ഹാളിൽ വച്ചു നടത്തി.
മതസൗഹാർദത്തിന്റെ വലിയ വേദിയൊരുക്കിയ സിബിഗിരി പള്ളിയെയും ഉചിതമായ തീരുമാനമെടുത്ത വികാരിയെയും നാട് ഒന്നടങ്കം അഭിനന്ദിച്ചു. പാലാ രൂപതയിൽപ്പെട്ട ഇടവകയാണ് സിബിഗിരി.