നിലമേല്‍: നിലമേലില്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് വിലകൂടിയ വാച്ചുകളും പണവുമടക്കം മോഷ്ടാക്കള്‍ അപഹരിച്ചു. നിലമേല്‍ വളയിടം ഷിബുമന്സിലില് ഷിബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഷിബുവും കുടുംബവും വെഞ്ഞാറമ്മൂട്ടിലെ സഹോദരിയുടെ വീട്ടില്‍ പോയിരുന്നപ്പോഴാണ് മോഷണം നടന്നത്. അയല്‍വാസികൂടിയായ ഷിബുവിന്റെ ബന്ധുവാണ് രാവിലെ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയിലാണ് മോഷണവിവരം ശ്രദ്ധയില്‍പെട്ടത്.
ഉടന്‍തന്നെ വിവരം ഷിബുവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഷിബുവും കുടംബവും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 20,000ത്തോളം രൂപയും വിലകൂടിയ വാച്ചുകളും മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ ചടയമംഗലം പോലീസില്‍ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ വാതില്‍ വെട്ടിപ്പൊളിക്കാനുപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങളും വീടിനുസമീപത്തുനിന്നും കണ്ടെത്തി. വീടിന്റെ മുന്‍വശത്തെ വാതില്‍ വെട്ടിപപൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയത്. ചടയമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.