വയസ് നാല്, പഠിക്കുന്നത് ഒന്‍പതാം ക്ലാസില്‍! ചേട്ടനും ചേച്ചിക്കും പിന്നാലെ കുഞ്ഞ് അനന്യയും ബുദ്ധിമികവിന്റെ കാര്യത്തില്‍ ഏവരെയും അദ്ഭുതപ്പെടുത്തുന്നു

ananyaലക്‌നോ: ചേട്ടനും ചേച്ചിക്കും പിന്നാലെ കുഞ്ഞ് അനന്യയും ബുദ്ധിമികവിന്റെ കാര്യത്തില്‍ ഏവരെയും അദ്ഭുതപ്പെടുത്തുന്നു. ഇംഗ്ലീഷും ഹിന്ദിയുമെല്ലാം നിഷ്പ്രയാസം വായിക്കാനും എഴുതാനുമുള്ള കഴിവും കാര്യങ്ങള്‍ പെട്ടെന്നുതന്നെ ഗ്രഹിക്കാനുള്ള അസാമാന്യ പാടവവും കണക്കിലെടുത്ത് അഞ്ചു വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ അനന്യയ്ക്ക് ഒന്‍പതാം ക്ലാസില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞു. ലക്‌നോയിലെ അംബേദ്കര്‍ സര്‍വകലാശാലയില്‍ ശുചീകരണവിഭാഗം സൂപ്പര്‍വൈസറായ തേജ് ബഹാദുറിന്റെയും ഭാര്യ ഛായാ ദേവിയുടെയും മകളാണ് അനന്യ.

തേജ് ബഹാദുര്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ നേടിയിട്ടുള്ളൂ. ഭാര്യ ഛായാ ദേവിയാകട്ടെ നിരക്ഷരയാണ്. എന്നാല്‍, ഇരുവര്‍ക്കും പിറന്ന മൂന്നുമക്കളും ബുദ്ധിശക്തിയുടെ കാര്യത്തില്‍ ഏവരെയും അദ്ഭുതപ്പെടുത്തുകയാണ്. മൂത്ത മക്കളായ ശൈലേന്ദ്രയും സുഷമയും കുട്ടിപ്രായംമുതല്‍ ബുദ്ധിമികവ് കാട്ടിയിരുന്നു. 2007ല്‍ 14ാം വയസില്‍ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായി ശൈലേന്ദ്ര റിക്കാര്‍ഡ് സൃഷ്ടിച്ചപ്പോള്‍ ഇതേവര്‍ഷം ഏഴു വയസായിരിക്കെ സുഷമ പത്താംക്ലാസ് പാസായി ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടംനേടി.

15ാം വയസില്‍ ലക്‌നോയിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മൈക്രോബയോളജിയില്‍ എംഎസ്‌സി പഠനം പൂര്‍ത്തിയാക്കിയും കഴിഞ്ഞ വര്‍ഷം 17ാം വയസില്‍ പിഎച്ച്ഡിയെടുത്തും വീണ്ടും അവള്‍ ചരിത്രം സൃഷ്ടിച്ചു.

ഇരുവര്‍ക്കും പിന്നാലെയാണ് ഇളയവളായ അനന്യയും അസാമാന്യ ബുദ്ധിമികവ് പ്രകടിപ്പിച്ചുതുടങ്ങിയത്. 2011 ഡിസംബര്‍ ഒന്നിനാണ് അനന്യ ജനിച്ചത്. ഒരുവയസും ഒന്‍പത് മാസവും പ്രായമായപ്പോള്‍ അനന്യ രാമായണവും ഹനുമാന്‍ ചാലീസയും വായിച്ചിരുന്നുവെന്ന് പിതാവ് തേജ് ബഹാദുര്‍ പറയുന്നു. തനിക്കും ഭാര്യയ്ക്കും വിദ്യാഭ്യാസമില്ലെങ്കിലും അസാമാന്യ കഴിവുള്ള മക്കളാല്‍ തങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഏതായാലും എല്‍കെജിയിലും യുകെജിയിലുമൊന്നും പഠിക്കാതെ നേരെ ഒന്‍പതാംക്ലാസില്‍ ചേര്‍ന്നിരിക്കുകയാണ് കുഞ്ഞ് അനന്യ. ലക്‌നോ നഗരത്തിലെ മീരാസ് ഇന്റര്‍ കോളജിലാണു പഠനം.

കഴിഞ്ഞ ജൂണില്‍ പത്താംക്ലാസില്‍ പ്രവേശനം തേടിയാണ് പിതാവിനൊപ്പം അനന്യ സ്കൂളിലെത്തിയതെന്ന് പ്രിന്‍സിപ്പല്‍ അനിത റത്ര പറഞ്ഞു. എന്നാല്‍, വിദ്യാഭ്യാസവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ആവശ്യം അംഗീകരിച്ചില്ല. അനന്യ വാശി തുടര്‍ന്നതോടെ ഒന്‍പതാംക്ലാസില്‍ വെറുതെ വന്നിരിക്കാന്‍ അനുമതി നല്‍കി.

അഡ്മിഷന്‍ തേടി എത്തിയദിവസം പത്രം വായിക്കാന്‍ അനന്യയോടു പറഞ്ഞപ്പോള്‍ മുതിര്‍ന്നയാളെപ്പോലെ വായിച്ചു തന്നെ അവള്‍ ഞെട്ടിച്ചതായി അനിത റത്ര പറഞ്ഞു. കാര്യങ്ങള്‍ പെട്ടെന്നു ഗ്രഹിക്കാനുള്ള അവളുടെ കഴിവ് അപാരമാണെന്നും വെറുതെ വായിക്കുമ്പോള്‍ത്തന്നെ അവള്‍ അതു മനഃപാഠമാക്കുന്നുവെന്നും അനിത ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് കുട്ടിയെ ഒന്‍പതാംക്ലാസില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാഭ്യാസ വകുപ്പിനെ പ്രിന്‍സിപ്പല്‍ നേരിട്ടു സമീപിക്കുകയായിരുന്നു.

ഔദ്യോഗിക അനുമതി ലഭിച്ചതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അനന്യ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായി.

കുഞ്ഞിക്കൈകളില്‍ പുസ്തകഭാരം താങ്ങാനാവുന്നില്ലെന്നതാണു പ്രധാന പ്രശ്‌നം. ഇതിനായി അധ്യാപകര്‍ പോംവഴി കണെ്ടത്തിയിട്ടുണ്ട്. മാത്തമാറ്റിക്‌സില്‍ അല്പം ശ്രദ്ധ വേണ്ടതിനാല്‍ അധ്യാപകര്‍ ഇക്കാര്യവും പ്രത്യേകം പരിഗണിക്കുന്നുണ്ട്. ചേട്ടന്റെയും ചേച്ചിയുടെയും പുസ്തകങ്ങള്‍ വായിച്ചാണ് അനന്യ വളര്‍ന്നത്. മീരാസ് സ്കൂളിലെ ഒരു അധ്യാപികയാണ് അനന്യയിലെ ബുദ്ധിമികവ് തിരിച്ചറിയുകയും അവളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തത്.

Related posts