കോട്ടയം: കൊലക്കേസ് ഉള്‍പ്പെടെ മുപ്പതിലധികം കേസുകളില്‍ പ്രതിയായ ക്വട്ടേഷന്‍ സംഘത്തലവന്‍ അടക്കം നാലുപേരെ പിടികൂടിയപ്പോള്‍ കോട്ടയത്തെ ഗുണ്ടാ സംഘത്തിന്റെ ശരിയായ രൂപം പോലീസിന് വ്യക്തമായി. മുപ്പതു വയസില്‍ താഴെയുള്ള വന്‍ സംഘമാണ് ജില്ലയെ വിറപ്പിച്ചു വന്നിരുന്നതെന്നും ഇവരില്‍ ചിലരെ പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ളവരെ ഉടന്‍ അകത്താക്കുമെന്നും ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ കുര്യന്‍ ഉതുപ്പു റോഡില്‍ മുന്‍സിപ്പല്‍ പാര്‍ക്കിനു മുമ്പില്‍ കോട്ടയം മാളിയേക്കല്‍ പറമ്പില്‍ അബ്ദുള്‍ ബാഷിദ് നൈജു (24)വിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിന്റെ അന്വേഷണ മധ്യേയാണ് വന്‍ ക്വട്ടേഷന്‍ സംഘത്തെ പിടികൂടാനായത്. അയ്മനം വട്ടയ്ക്കാട് ജയന്തി ഭാഗം മാങ്കീഴപ്പടി വിനീത് (28), ആര്‍പ്പൂക്കര വെട്ടൂര്‍കവല അത്താഴപ്പാടം നിഷാദ്(32), അയ്മനം ഇരവീശ്വരം ലക്ഷ്മി വിലാസത്തില്‍ ജയകൃഷ്ണന്‍(25), അയ്മനം പതിമറ്റം കോളനി സരസ്വതി നിലയത്തില്‍ കെ. ആര്‍. രാഹുല്‍ എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ വിഷുവിനു നൈജുവും പ്രതികളും തമ്മിലുള്ള അടിപിടിയെത്തുടര്‍ന്നുണ്ടായ വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. കഴിഞ്ഞ വര്‍ഷം ആര്‍പ്പൂക്കര തൊമ്മന്‍കവല സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സജു ജോസഫിനെ പുലിക്കുട്ടിശേരിയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ വിനീത്.30ല്‍പ്പരം കേസുകളില്‍ പ്രതിയായ വിനീതാണ് സംഘത്തലവന്‍. ഓട്ടോഡ്രൈവര്‍ കൊലക്കേസിലെ ഒന്നാം പ്രതിയായ വിനീത് ജാമ്യത്തിലിറങ്ങിയശേഷവും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നാഗമ്പടത്തു തട്ടുകട ഉടമയെ വെട്ടിയ കേസ് ഉള്‍പ്പെടെയുള്ളവയില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍ പറഞ്ഞു. ഡിവൈഎസ്പിമാരായ ഗിരീഷ് പി. സാരഥി, എസ്.സുരേഷ് കുമാര്‍, സിഐമാരായ അനീഷ് വി. കോര, നിര്‍മല്‍ ബോസ്, എസ്‌ഐമാരായ യു. ശ്രീജിത്, എം.ജെ. അഭിലാഷ്, മനോജ് കുമാര്‍, സി.സി. ജോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം. സജു, ബിനുമോന്‍, വര്‍ഗീസ്, നിസാര്‍, പ്രകാശന്‍, ഷാഡോ പോലീസുകാരായ അജിത്, ഷിബുക്കുട്ടന്‍, ബിജുമോന്‍ നായര്‍, ഐ. സജികുമാര്‍, എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.