മനൗസ്: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിനും ഉറുഗ്വെയ്ക്കും ജയം. ലയണല്‍ മെസി ഇല്ലാതെ കളിച്ച അര്‍ജന്റീന തോല്‍വിയില്‍നിന്നും രക്ഷപ്പെട്ടു. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിക്കു സമനില. ഇക്വഡോറിനു തോല്‍വി. ദക്ഷിണ അമേരിക്കന്‍ യോഗ്യത മത്സരങ്ങളിലെ എട്ടാം റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചു.
മധുരപ്രതികാരം നെയ്മര്‍ വക
ഇതാണ് നെയ്മര്‍ മാജിക്. അര്‍ധ അവസരം പോലും ഗോളാക്കി മാറ്റാനുള്ള നെയ്മറുടെ മികവിനു മറ്റൊരു ഉദാഹരണം കൂടി. ബ്രസീലിന് ആദ്യ ഒളിമ്പിക് ഫുട്ബോള്‍ സ്വര്‍ണമെഡല്‍ സമ്മാനിച്ച നെയ്മര്‍ കൊളംബിയയ്ക്കെതിരേയുള്ള മത്സരത്തില്‍ 2-1ന്റെ ജയമൊരുക്കി. കളി തീരാന്‍ 16 മിനിറ്റുള്ളപ്പോഴാണ് മുന്‍ നായകന്റെ വിജയഗോള്‍. ജയത്തോടെ മുന്‍ ലോക ചാമ്പ്യന്മാര് പോയിന്റ് നിലയില്‍ രണ്ടാമതെത്തി. ബ്രസീലിന്റെ പുതിയ നായകനായി ചുമതലയേറ്റ ഡാനി ആല്‍വിസിന് ആദ്യ മത്സരം ജയത്തോടെ തുടങ്ങാനായി. ബ്രസീലിന്റെ പ്രധാന എതിരാളികളായി മാറിക്കൊണ്ടിരിക്കുന്ന കൊളംബിയ അടുത്ത നാളുകളില്‍ മുന്‍ ലോക ചാ മ്പ്യന്മാരെ പല മത്സരങ്ങളിലും കരയിച്ചവരാണ്. 2015ലെ കോപ്പ അമേരിക്കയില്‍ ബ്രസീലിനെ കൊളംബിയ തോല്‍പ്പിച്ചിരുന്നു.
എന്നാല്‍, അതിലുമൊക്കെ അപ്പുറത്ത് നെയ്മര്‍ക്ക് ഈ ജയം ഒരു മധുര പ്രതികാരം കൂടിയാണ്. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെയ്മറെ ഫൗള്‍ ചെയ്തു വീഴ്ത്തിയ കൊളംബിയന്‍ താരം സുനിഗയോടും ആ രാജ്യത്തോടുമുള്ള പ്രതികാരവും ഇതോടെ മഞ്ഞപ്പട പൂര്‍ത്തിയാക്കി. ഈ രണ്ടു കണക്കുകളും കൊളംബിയയോട് കാനറികള്‍ സ്വന്തം നാട്ടില്‍ തീര്‍ത്തു എന്നതാണ് കൗതുകകരം. ബ്രസീലിലെ വടക്കന്‍ പ്രവിശ്യയായ മനൗസിലെ അരീന ആമസോണിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം മിനിറ്റില്‍ മിറാന്‍ഡ ബ്രസീലിനു മിന്നും തുടക്കം നല്കി.
നെയ്മറെടുത്ത കോര്‍ണറില്‍ മിറാന്‍ഡയുടെ ഹെഡര്‍ കൊളംബിയയുടെ വലയില്‍ വീണു. ആദ്യ പകുതിയില്‍ തന്നെ കൊളംബിയ തിരിച്ചടിച്ചു. പക്ഷേ കൊളംബിയന്‍ താരങ്ങളായിരുന്നില്ല. മാര്‍ക്വിഞ്ഞോസിന്റെ സെല്‍ഫ് ഗോളില്‍ കൊളംബിയ സമനില പിടിക്കുകയായിരുന്നു. ഹാമിഷ് റോഡ്രിഗസിന്റെ അപകടകരമായ ഫ്രീകിക്ക് രക്ഷപ്പെടുത്തുന്നതിനിടെ മാര്‍ക്വിഞ്ഞോസിന്റെ (36) തലയില്‍നിന്നും പന്ത് സ്വന്തം വലയിലേക്കു വീണു. 2003 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വെയ്ക്കെതിരേയുള്ള മത്സരത്തില്‍ ഗില്‍ബെര്‍ട്ടോ സില്‍വയുടെ സെല്‍ഫ് ഗോളിനു ശേഷം ആദ്യമായാണ് ബ്രസീല്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത്. ഇതിനുശേഷം ലീഡിനായി നെയ്മര്‍ തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ഓസ്പിന രക്ഷപ്പെടുത്തി. രണ്ടാം പകുതിയില്‍ കൊളംബിയയുടെ ലൂയിസ് മുറിലിന്റെ ഷോട്ട് ഗോള്‍ വലയുടെ വെളിയിലായിരുന്നു.
ഇരു ടീമിനും ഗോളിനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഫിലിപ്പെ കുട്ടിഞ്ഞോയുടെ പാസില്‍ നെയ്മര്‍ കാനറികളുടെ ജയമൊരുക്കി.
അര്‍ജന്റീന രക്ഷപ്പെട്ടു
സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ലാതെ കളിച്ച അര്‍ജന്റീന ദുര്‍ബലരായ വെനസ്വേലയോട് തോല്‍വിയില്‍നിന്നു 2-2ന്റെ സമനിലയുമായി രക്ഷപ്പെട്ടു. യുവാന്പി അനോര്‍ (35), ഹൊസേഫ് മാര്‍ട്ടിനസ് (53) എന്നിവരുടെ ഗോളില്‍ മുന്നിലെത്തിയ വെനസ്വേലയോടു പൊരുതിക്കളിച്ച അര്‍ജന്റീന സമനില പിടിച്ചു. ലുകാസ് പ്രാറ്റോ (58), നിക്കോളസ് ഒട്ടമെന്‍ഡി (83) എന്നിവരാണ് പോയിന്റ് പങ്കിടുന്നതിനായി അര്‍ജന്റീനയ്ക്കായി വലകുലുക്കിയത്. സമനിലയുമായി അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്കു പതിച്ചു. പുതിയ പരിശീലകന് എഡ്ഗാര്‍ഡോ ബൗസയുടെ കീഴില്‍ കളിച്ച അര്‍ജ ന്റീന ആദ്യ തോല്‍വിയെ മുന്നില്‍ കണെ്ടങ്കിലും കളി തീരാന്‍ ഏഴു മിനിറ്റുള്ളപ്പോള്‍ ഒട്ടാമെന്‍ഡിയുടെ വോളി വെനിസ്വേലന്‍ വലയില്‍ കയറി. ഇതോടെ യോഗ്യത മത്സരങ്ങളിലെ ആദ്യ ജയം മോഹിച്ച വെനിസ്വേല നിരാശരായി.
കവാനി, സുവാരസ്
അര്‍ജന്റീനയോടു തോറ്റ ഉറുഗ്വെയായിരുന്നില്ല പരാഗ്വെയ്ക്കെതിരേയുള്ള മത്സരത്തില്‍. എതിരില്ലാത്ത നാലു ഗോള്‍ ജയത്തോടെ ഉറുഗ്വെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. എഡിന്‍സണ്‍ കവാനി രണ്ടു ഗോളടിച്ചപ്പോള്‍ ലൂയിസ് സുവാരസ് (45+1 പെനാല്‍റ്റി) ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. ക്രിസ്റ്റിയന്‍ റോഡ്രിഗസാണ് (42) മറ്റൊരു ഗോള്‍ സ്കോറര്‍. 18, 54 മിനിറ്റുകളിലായിരുന്നു കവാനിയുടെ ഗോളുകള്‍.
മറ്റ് മത്സരങ്ങളില്‍ പെറു ഒന്നിനെതിരേ രണ്ടു ഗോളിനു ഇക്വഡോറിനെ തോല്‍പ്പിച്ചു. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയും ബൊളിവിയയുമായുള്ള മത്സരം ഗോള്‍രഹിതമായി അവസാനിച്ചു.