മങ്കൊമ്പ് : മാസങ്ങളായി താറുമാറായി കിടക്കുന്ന വടക്കന്‍ വെളിയനാട്-കിടങ്ങറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വടക്കന്‍ വെളിയനാട് പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളാരംഭിച്ചു. പ്രതിഷേധ സൂചകമായി നാട്ടുകാര്‍ റോഡിലെ കുഴികളില്‍ വാഴത്തൈകള്‍ നട്ടാണ് നാട്ടുകാര്‍ പ്രതിഷേധമറിയിച്ചത്. റോഡിന്റെ മോശം അവസ്ഥയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പോലും നിലച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ആലപ്പുഴയില്‍നിന്നും, ചങ്ങാനാശേരിയില്‍ നിന്നും വടക്കന്‍ വെളിയനാട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. ആലപ്പുഴയില്‍ നിന്നും രാവിലെയും വൈകുന്നേരവും ഓരോ സര്വീസാണിപ്പോഴുള്ളത്. എന്നാല്‍ ചങ്ങനാശേരിയില്‍ നിന്നും കെഎസ്ആര്‍ടിസി നാലു സര്‍വീസുകള്‍ നടത്തുന്നുണ്ട്. റോഡ് മോശമായതോടെ പ്രദേശത്തേക്കു സ്കൂള്‍ ബസുകളും സര്‍വീസ് നടത്തുന്നില്ല.
ചങ്ങനാശേരി, കുട്ടനാട് പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി സ്കൂള്‍ ബസുകള്‍ വടക്കന്‍ വെളിയനാട് ബസ്സ്റ്റാന്ഡു വരെ സര്‍വീസ് നടത്തിയിരുന്നു. നിലവില്‍ ധര്‍മശാസ്താ ക്ഷേത്രംവരെ മാത്രമാണ് സ്കൂള്‍ ബസുകളെത്തുന്നത്. ഇതോടെ വിദ്യാര്‍ഥികളുമായി രക്ഷിതാക്കള്‍ ഒരു കിലോമീറ്ററോളം ദൂരം നടക്കേണ്ട സാഹചര്യമാണുള്ളത്. റോഡിന്റെ ശോചനീയാവസ്ഥയെത്തുടര്‍ന്ന് ഓട്ടോറിക്ഷകള്‍ പോലും ഇതുവഴി വരാത്തതിനാല്‍ രോഗികളെയുംകൊണ്ട് ആശുപത്രിയിലെത്തിക്കാന്‍ പോലും നാട്ടുകാര്‍ ദുരിതമനുഭവിക്കുന്നു.
ഒരു വര്‍ഷത്തിനു മുകളിലായി തകര്‍ന്നു കിടക്കുന്ന കിടങ്ങറ-കണ്ണാടി റോഡും തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടു ഒരു വര്‍ഷത്തിലേറെയായി. കിടങ്ങറ-കണ്ണാടിവടക്കന് വെളിയനാട് റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിക്കു പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമരത്തിനൊരുങ്ങുകയാണ്. വടക്കന്‍ വെളിയനാട് പൗരസമിതി പ്രസിഡന്റ് രമേശന് പാണ്ടിശേരി, സെക്രട്ടറി പ്രസന്നന്, വര്‍ഗീസ് തുണ്ടിയില്‍, സോമാനാഥക്കുറുപ്പ്, ഗോപിദാസ്, ശിവന്‍കുട്ടി നടുവിലേച്ചിറ, വിജയകുമാരകൈമള് തുടങ്ങിയവര്‍ നേതൃത്വം നല്കി. സ്കൂള്‍കുട്ടികള്‍ അടക്കമുള്ളവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.